കഴിഞ്ഞ ഏഴുവർഷമായി, ചിത്രങ്ങളിലൂടെ ഞാൻ ഈ ശുചീകരണത്തൊഴിലാളികളുടെ ജീവിതവും പോരാട്ടങ്ങളും രേഖപ്പെടുത്തുകയായിരുന്നു. ഒരിക്കൽപ്പോലും അവരെ ആവശ്യമായ സുരക്ഷാ ഉപരണങ്ങളോ മുഖാവരണങ്ങളോ ധരിച്ച് ഞാൻ കണ്ടിട്ടില്ല. എന്തെങ്കിലുമൊന്ന് അവരുപയോഗിക്കുന്നുണ്ടെങ്കിൽത്തന്നെ, അത് അവർ സ്വന്തം നിലയ്ക്ക് ഉണ്ടാക്കി കൊണ്ടുവരുന്നവയായിരിക്കും.
ഇന്ത്യയിലെ ശാസ്ത്രീയ പുരോഗതി വലിയ ഉയരങ്ങളിലെത്തിയിട്ടും, നമ്മളിപ്പൊഴും മനുഷ്യജീവികളെ, ഭൂഗർഭ അഴുക്കുചാലുകളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു. അപകടങ്ങളും ജീവനഷ്ടംപോലും അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. ശാസ്ത്രം എത്ര പുരോഗമിച്ചിട്ടും, ജാതിപരമായ മുൻവിധികൾ എത്രമാത്രം നമ്മുടെ സമൂഹത്തിൽ അടിഞ്ഞുകിടക്കുന്നു എന്നതിൻ്റെ തെളിവാണത്.
അപൂർവ്വ സന്ദർഭങ്ങളിൽ മാത്രമാണ് നമ്മൾ ഈ അഴുക്കുചാൽ ശുചീകരണത്തൊഴിലാളികളെ ‘മുൻനിര പോരാളികൾ’ എന്ന മട്ടിൽ ഓർമ്മിക്കുന്നത്. കോവിഡിൻ്റേയും പ്രകൃതിദുരന്തത്തിൻ്റേയും നാളുകളിൽ. മറ്റുള്ള സമയങ്ങളിൽ അവരെ നമ്മൾ, ചവറുകൂനകൾ വൃത്തിയാക്കുന്നവർ എന്ന മട്ടിൽ മാത്രമേ കാണാറുള്ളു.
2025 ഓഗസ്റ്റ് 1-13 വരെ, അഴുക്കുചാൽ ശുചീകരണത്തൊഴിലാളികൾ ചെന്നൈയിലെ റിപ്പൺ ബിൽഡിംഗിൻ്റെ – ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ്റെ തലസ്ഥാനം - വെളിയിൽ തുടർച്ചയായ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. തങ്ങളുടെ തൊഴിലുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ. പതിമൂന്നാമത്തെ ദിവസം, പൊലീസിൻ്റെ സഹായത്തോടെ, തമിഴ് നാട് സർക്കാർ അവരെ ബലമായി ഒഴിപ്പിച്ചു.
ഓഗസ്റ്റ് 1-ന് സോൺ 5 (റോയപുരം) 5 (തിരു വി.ക.നഗർ) എന്നിവിടങ്ങളിലെ ഖരമാലിന്യ സംസ്കരണം വിശാല ചെന്നൈ കോർപ്പറേഷൻ സ്വകാര്യ കരാറുകാർക്ക് നൽകിയതിനെത്തുടർന്നാണ് അവർ പ്രതിഷേധിക്കാൻ തുടങ്ങിയത്.
ഈ തൊഴിലാളികൾക്ക് - അവരിൽ മിക്കവരും വർഷങ്ങളോളം ഈ നഗരത്തെ ശുചിയാക്കിയിരുന്ന ദളിത് സ്ത്രീകളാണ് – ഇത്, കേവലം ശമ്പളത്തിൻ്റെ മാത്രം കാര്യമല്ല, മറിച്ച് അവരുടെ അന്തസ്സിൻ്റേയും നിലനിൽപ്പിൻ്റേയും പ്രശ്നമാണ്. കോർപ്പറേഷൻ്റെ കീഴിൽ നേരിട്ടുള്ള ജോലി നഷ്ടപ്പെടുക എന്നത്, നിലവിലുള്ള തൊഴിൽനിയമപ്രകാരം, ഭാവിയിൽ കിട്ടിയേക്കാവുന്ന ഒരു സ്ഥിരജോലി നഷ്ടമാവുക എന്നാണർത്ഥം. ഉപജീവനമാർഗ്ഗത്തിനുള്ളതും, അദൃശ്യമായ അവരുടെ തൊഴിലിന്, പ്രയോജനക്ഷമതയുടെ അടിസ്ഥാനത്തിൽ മൂല്യനഷ്ടം വരുന്നതിനും എതിരായ ഒരു ചെറുത്തുനിൽപ്പാണ് അവരുടേത്.


























