അന്തരീക്ഷത്തിൽ കളിമണ്ണിന്റേയും പുകയുടേയും മണമുണ്ട്. വലിയ ടബ്ബിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന വെളുത്ത കളിമണ്ണിന്റെ പാടുകൾ, സിമന്റ് നിലത്ത് കാണാം. അച്ചുകളും, പകുതി പണിതീർത്ത മൺവസ്തുക്കളും ചുറ്റും ചിതറിക്കിടക്കുന്നു. അവയ്ക്കിടയിലൂടെ നടക്കാൻപോലും ബുദ്ധിമുട്ടാണ്. “കാൽ വെക്കുമ്പോൾ സൂക്ഷിക്കണം,” എല്ലാവരേയും എപ്പോഴും ഓർമ്മിപ്പിക്കുന്നു ഹമീദ് അഹമ്മദ്.
12 വയസ്സുള്ള ഒരു ആൺകുട്ടി ചവിട്ടുചക്രത്തിനടുത്തിരുന്ന് തന്റെ വിദ്യ പഠിക്കുന്നുണ്ട്. ഹമീദിന്റെ മകൻ മൊഹമ്മദ് സൽമാനാണ് അത്. അവന്റെ ദേഹം മുഴുവൻ വെളുത്ത മണ്ണിന്റെ പൊടി മൂടിയിരിക്കുന്നു. വലത്തേ കാലുകൊണ്ട്, ഭൂമിക്കടിയിലുള്ള ഒരു കറക്കുചക്രത്തിൽ ചവിട്ടുമ്പോൾത്തന്നെ, ഇടതുകാൽ നീട്ടിവെച്ചിട്ടുണ്ട്. ജോലി ചെയ്യുന്നതിലെ അവന്റെ ശ്രദ്ധ മുഖത്ത് വ്യക്തമായി കാണാനാവും.
“മെല്ലെ ആ പാത്രം എടുക്ക്,” ഹമീദ് അവന് നിർദ്ദേശം നൽകുന്നു. ചരിത്രം ആവർത്തിക്കുകയാണ്. ഒമ്പത് വയസ്സുള്ളപ്പോഴാണ്, ഇന്ന് 49-ലെത്തിനിൽക്കുന്ന ഹമീദ് തന്റെ അച്ഛനിൽനിന്ന് ഈ വിദ്യ കരസ്ഥമാക്കിയത്. “ആദ്യം ചിലതൊക്കെ പൊട്ടി. പരിശീലനംകൊണ്ട് ശരിയാവുന്നതാണ് ഇത്,” അദ്ദേഹം പറയുന്നു.
10 സഹോദരന്മാരിലൊരാളായ അദ്ദേഹം കുടുംബത്തിലെ ഏഴാം തലമുറയിൽപ്പെട്ട കൈവേലക്കാരനാണ്. ഉത്തർ പ്രദേശിലെ ‘സെറാമിക്ക് സിറ്റി’യായ ഖുർജയിൽ ഈ കൈവേല പരിശീലിക്കുന്ന ഒരേയൊരു കുടുംബമാണ് അദ്ദേഹത്തിന്റേത്. സവിശേഷമായ മൺപാത്രങ്ങൾക്ക് പ്രസിദ്ധമാണ് ആ നഗരം. ഇത് നിർമ്മിക്കുന്നത്, അധികവും മുസ്ലിങ്ങളാണ്.



















