ഒരിക്കൽ ഒരു കാവിലെ പ്രകടനത്തിനിടെ കലാകാരനായ എം.കെ കേളുക്കുട്ടി മരത്തിൽനിന്ന് ഒരു ഇല പറിച്ചു. “അന്ന് അവിടം അശുദ്ധമാക്കിയതിന് നാലണ നൽകണമെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. സംഭവം നടക്കുമ്പോൾ അദ്ദേഹം ദൈവമായി പ്രകടനം കാഴചവെക്കുകയായിരുന്നു എന്നതുപോലും പരിഗണിച്ചില്ല” കേളുക്കുട്ടിയുടെ കൊച്ചുമകൻ എം.കെ. കുഞ്ഞിരാമൻ ഓർത്തെടുത്തു.
തിറ കലാകാരൻമാർ പട്ടികജാതിവിഭാഗത്തിൽനിന്നുള്ളവരാണ്. ഉയർന്ന ജാതിക്കാരുടെ ക്ഷേത്രങ്ങളിൽ തിറയ്ക്കായി അവർ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഈ സ്ഥലങ്ങൾ അടിസ്ഥാനപരമായി അവർക്ക് പ്രവേശനമില്ലാത്തതായിരുന്നു. ആചാരപരമായ ഇൗ നൃത്തരൂപം കാവുകളിലും ക്ഷേത്രപരിസരത്തുമാണ് അവതരിപ്പിക്കുന്നത്. എന്നാൽ പ്രതിഷ്ഠയുടെ സമീപം പ്രവേശിക്കാനോ അവിടെ തിറ അവതരിപ്പിക്കാനോ കഴിയില്ല.
ഉയർന്ന ജാതിയിൽപ്പെട്ടവരുടെയടക്കം വസ്ത്രം കഴുകിനൽകി ജീവിക്കുന്ന വണ്ണാൻ വിഭാഗക്കാരനാണ് കുഞ്ഞിരാമൻ. കേരളത്തിൽ അവർ പട്ടികജാതിവിഭാഗമാണ്. തിറ കലാകാരൻമാരായ അച്ഛനെയും മുത്തച്ഛനെയും പിന്തുടരുമ്പോൾ അദ്ദേഹമൊരു കൊച്ചുപയ്യനായിരുന്നു. പിന്നീട് തന്റെ നാൽപ്പതുകളുടെ തുടക്കത്തിൽ കുഞ്ഞിരാമനും തിറ അവതരിപ്പിച്ചുതുടങ്ങി.
“തലച്ചിലോൻ, കരിയാത്തൻ, കുട്ടിച്ചാത്തൻ, വേട്ടയ്ക്കൊരുമകൻ, കണ്ണികകരുവോൻ…” 87കാരനായ അദ്ദേഹം താൻ അവതരിപ്പിച്ച ഹിന്ദു മൂർത്തികളുടെ പേരുകൾ ഓർത്തെടുത്തു.
പിന്നീട് കുഞ്ഞിരാമൻ "അഞ്ചടി'യും, "തോറ്റംപാട്ടും' പാടാൻ ആരംഭിച്ചു. ആദ്യത്തേത് തിറയാട്ടകാരന്റെ ശരീരത്തിൽ കയറുന്ന ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതിനുള്ള പാട്ടാണ്. രണ്ടാമത്തേത് കുട്ടിച്ചാത്തന്റെ ചരിത്രം വിവരിക്കുന്നതും. എന്നാൽ ചില വിദഗ്ധർ പറയുന്നത് സുരക്ഷയ്ക്കും സമൃദ്ധിക്കുംവേണ്ടി ആരാധിക്കുന്ന കുട്ടിച്ചാത്തനെയല്ല, മറിച്ച് ഭഗവതിയെയാണ് തോറ്റംപാട്ടിലൂടെ ആരാധിക്കുന്നതെന്നാണ്. നെഞ്ചിൽ എട്ട് പുള്ളി ഉള്ളയാളായാണ് കുട്ടിച്ചാത്തനെ ചിത്രീകരിക്കുന്നത്.
അദ്ദേഹത്തിന്റെ സംഗീതാത്മകമായ ശബ്ദം അവിടമാകെ നിറഞ്ഞു “വള്ളുവ (താഴ്ന്ന ജാതി) വിഭാഗത്തിൽപ്പെട്ട അമ്മയ്ക്കും നമ്പൂതിരിയായ (ബ്രാഹ്മണൺ) അച്ഛനും ജനിച്ചയാളാണ് കുട്ടിച്ചാത്തൻ. കുട്ടിയായിരിക്കുമ്പോൾ വിശപ്പ് സഹിക്കാനാവാതെ അവൻ ഒരു പോത്തിനെ കൊന്ന് അതിന്റെ രക്തം കുടിച്ചു. അതിൽ കോപം കൊണ്ട അച്ഛൻ അവനെ കൊന്ന് 399 കഷണങ്ങളാക്കി,” കുഞ്ഞിരാമൻ വിവരിച്ചു.
കോഴിക്കോട് ജില്ലയിലെ ശിവപുരം എന്ന ഗ്രാമത്തിലെ തന്റെ രണ്ടുനില വീടിന്റെ വരാന്തലയിലിരുന്നാണ് കുഞ്ഞിരാമൻ സംസാരിക്കുന്നത്. “അങ്ങനെയാണ് നമുക്ക് ഒരുപാട് കുട്ടിച്ചാത്തൻമാരെ ലഭിച്ചത് – പൂക്കുട്ടി, തീക്കുട്ടി, കരിക്കുട്ടി,” അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു.


























