2012-ൽ വിവാഹം കഴിഞ്ഞ് അധികമാവുന്നതിനുമുമ്പാണ് അഞ്ജു റാണിയുടെ ജീവിതം ഇതളഴിയാൻ തുടങ്ങിയത്. “എൻ്റെ ഭർത്താവ് മദ്യത്തിനടിമയായിരുന്നു. എല്ലാ ദിവസവും ഞങ്ങൾ വഴക്കിടും. മാനസികമായി ഞാൻ തകരുകയായിരുന്നു,” രണ്ട് കുട്ടികളുടെ അമ്മയായ ആ 34-കാരി പറയുന്നു.
ഭർത്താവ് വീട്ടിലേക്ക് ഒരു ചില്ലിക്കാശുപോലും കൊടുക്കുന്നില്ല. “കറൻ്റ് ബില്ല് പലപ്പോഴും അടയ്ക്കാറില്ല. കടങ്ങൾ കൂടുന്നു. പലിശക്കാർ വന്ന് ഉപദ്രവിക്കുന്നു. പേടിച്ചാണ് ഇന്ന് ഞാൻ കഴിയുന്നത്.”
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സയാന പട്ടണത്തിലെ അവരുടെ വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള അയാദ്നഗർ എന്ന ഗ്രാമത്തിൽ അച്ഛനമ്മമാരെ കാണാൻ പോകുമ്പോഴൊക്കെയും, അയൽക്കാരും ബന്ധുക്കളും അവരുടെ ഈ മാനസിക സമ്മർദ്ദത്തെ സാരമുള്ളതല്ലെന്ന് പറഞ്ഞ് തള്ളിക്കളയും.
ഭർത്താവിൻ്റെയടുത്തേക്ക് തിരിച്ചുപോകാൻ അവർ നിർബന്ധിക്കും. വർഷങ്ങളോളം അവളതാണ് ചെയ്തിരുന്നത്. മകളോടൊപ്പം.
അഞ്ജുവിൻ്റെ അച്ഛൻ 15 വർഷം മുമ്പ് മരിച്ചതിൽപ്പിന്നെ അമ്മ ഒറ്റയ്ക്കാണ് കഴിയുന്നത്. “ഒരു ദിവസം ഞാൻ എല്ലാം മതിയാക്കി എൻ്റെ വീട്ടിലേക്ക് മടങ്ങിപ്പോന്നു. അയാൽ ഒരിക്കൽപ്പോലും വന്നില്ല. ഞാൻ തിരിച്ചുപോയതുമില്ല,” അമ്മയോടൊപ്പം ഒരു കയറ്റുകട്ടിലിലിരുന്ന് അഞ്ജു പറയുന്നു
ഒരു കർഷകത്തൊഴിലാളിയായി ജോലി ചെയ്യാൻ തുടങ്ങി അവർ. ദിവസം 200-250 രൂപ കൂലിയായി കിട്ടും. ജോലിയുണ്ടെങ്കിൽ, കൃഷിയുടെ സമയത്ത്.
2017-ൽ വീണ്ടും വിവാഹം കഴിക്കാൻ അവർ തീരുമാനിച്ചു. രണ്ടാമത്തെ മകളും ജനിച്ചു. “വീണ്ടും ജീവിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ രണ്ടാമത്തെ വിവാഹം, ആദ്യത്തേതിനേക്കാൾ മോശമായിരുന്നു. അയാളും ദിവസവും കുടിച്ച് വന്ന് എന്നെ തല്ലും. വീട്ടുസാധനങ്ങളെല്ലാം പെറുക്കി വിറ്റ് കുടിക്കും. ആദ്യം, ധാന്യങ്ങളും, കൂളറുമൊക്കെയായിരുന്നു. പിന്നെ എൻ്റെ തയ്യൽമെഷീൻ. പിന്നീട്, അയാൾ അയാൾ മറ്റ് വീടുകളിൽനിന്ന് മോഷ്ടിക്കാൻ തുടങ്ങി. ഞാൻ നാണംകെട്ടു.”









