“ലോക്ക്ഡൗൺ കാലത്ത് നാട്ടിലെത്താൻ, ഞങ്ങൾ വിശാഖപട്ടണത്തുനിന്ന് 12 ദിവസം തുടർച്ചയായി നടന്നു,” 2020-ലെ കോവിഡ്-19-ൻ്റെ സമയത്തെ ഭീകരമായ അനുഭവങ്ങൾ ഓർത്തെടുത്തുകൊണ്ട് 45-കാരനായ കയിൽ ഭുയാൻ പറയുന്നു. അഗനാംപുടിയിലെ ലാർസൺ & ട്യൂബ്രോയുടെ നിർമ്മാണസൈറ്റിലെ ദിവസവേതനക്കാരയായിരുന്നു അദ്ദേഹം.
12 സ്ത്രീകളും നാല് കുട്ടികളുമടക്കം അവർ 80 പേരുണ്ടായിരുന്നു. 1,000 കിലോമീറ്റർ സഞ്ചരിച്ചാണ് ജാർഘണ്ടിലെത്തിയത്. “രാവും പകലും ഞങ്ങൾ നടന്നു. ക്ഷീണിക്കുമ്പോൾ ഒരു മണിക്കൂർ ഉറങ്ങും, പിന്നെയും നടക്കും.” ജാർഘണ്ടിലെ പലാമു ജില്ലയിലെ റാബദ ഗ്രാമത്തിലെ വീട്ടിലേക്ക്.
ആറുവർഷത്തിനിപ്പുറം കയിൽ വീണ്ടും സമാനമായൊരു യാത്ര നടത്തി. ഇത്തവണ, ദേശീയ തലസ്ഥാനത്തുനിന്ന് തീവണ്ടിയിൽ. മറ്റൊരു ഭീകരമായ യാഥാർത്ഥ്യത്തിലേക്കായിരുന്നു അയാളുടെ മടക്കം.
തിരിച്ചടയ്ക്കാൻ കഴിയാത്ത കടബാധ്യതയിൽ കഴുത്തറ്റം മുങ്ങിനിൽക്കുകയായിരുന്നു അയാൾ.
ഇറാനുനേരെയുള്ള അമേരിക്കൻ—ഇസ്രായേലി യുദ്ധം വരുത്തിവെച്ച ദ്രവീകൃത പെട്രോളിയം വാതകം (എൽ.പി.ജി) ദൗർല്ലഭ്യം ഏറ്റവുമധികം ബാധിച്ചവരിൽ ജാർഘണ്ടിലെ കുടിയേറ്റത്തൊഴിലാളികളുമുണ്ട്.
“മറ്റൊരു ലോക്ക്ഡൗൺ വരുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞുതുടങ്ങി” എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. പ്രതിദിനം 500 രൂപയ്ക്ക് നോയ്ഡയിലെ എൽ&ടി.യുടെ നിർമ്മാണ സൈറ്റിൽ മേസണായി ജോലി ചെയ്യുകയായിരുന്നു അപ്പോൾ അയാൾ.
എൽ.പി.ജി വില മൂന്നിരട്ടിയായി. 90 രൂപയിൽനിന്ന് 300 രൂപ. മരത്തിൻ്റേയും പ്ലൈവുഡ്ഡിൻ്റേയും കഷണങ്ങളെടുത്ത് ഞങ്ങൾ കത്തിച്ച്, എങ്ങിനെയൊക്കെയോ ഒപ്പിച്ചു.” കഷ്ടിച്ച് 10 ദിവസം.








