കൃഷിയിടങ്ങളിൽ കടുവയിറങ്ങുന്നത് ഐശ്വര്യമാണെന്നാണ് ഞങ്ങൾ കോർക്കു സമുദായക്കാർ വിശ്വസിക്കുന്നത്. പാടത്ത് കടുവയുടെ കാൽപ്പാടുകൾ കാണുന്നത് കർഷകന്റെ ഭാഗ്യം തെളിഞ്ഞതിന്റെ സൂചനയാണ്. എല്ലാവർക്കും അഭിവൃദ്ധി ഉണ്ടാകുമെന്നതിന്റെ ലക്ഷണം.
എന്റെ പേര് രാംലാൽ; മഹാരാഷ്ട്രയിലെ മേൽഘട്ട് കടുവാ സങ്കേതത്തിന്റെ (മേൽഘട്ട് ടൈഗർ റിസർവ് -എം.ടി.ആർ) ബഫർ മേഖലയിലുള്ള പായ് വിഹിർ ഗ്രാമത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. വസന്ത് എന്നാണ് എന്റെ പേര്; എം.ടി.ആറിന്റെ കോർ പ്രദേശത്തുള്ള ബോറാത്യാഖേദ ഗ്രാമമാണ് എന്റെ സ്വദേശം. കോർക്കു ആദിവാസി സമുദായക്കാരായ ഞങ്ങൾ ഇരുവരുടേയും കുടുംബങ്ങൾ തലമുറകളായി ഈ കാടുകളിലാണ് താമസം.
പശുക്കളുടെയും കാളകളുടെയും ചാണകത്തിൽ കടുവയുടെ നഖപ്പാടുകൾ കാണുന്നത് ഐശ്വര്യത്തിന്റെ ലക്ഷണമാണെന്ന് വിശ്വസിച്ചാണ് ഞങ്ങൾ വളർന്നത്. കടുവയുടെ അടയാളങ്ങൾ പതിഞ്ഞിട്ടുള്ള ചാണകം പത്തായത്തിൽ സൂക്ഷിക്കുന്ന സമ്പ്രദായവും ഞങ്ങളുടെ സമുദായക്കാർക്കിടയിലുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്ന വീടുകളിൽ ധാന്യത്തിന് ക്ഷാമമുണ്ടാകില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
ചോളം, നെല്ല്, ഗോതമ്പ്, തിന, സോയാബീൻ, നിലക്കടല, സൂര്യകാന്തി, കടുക്, സാമ്പാർ പരിപ്പ്, ചെറുപയർ, വെള്ളക്കടല, മറ്റ് പയർ വർഗ്ഗങ്ങൾ തുടങ്ങിയവയെല്ലാം ഞങ്ങൾ കൃഷി ചെയ്യാറുണ്ട്. വിളവിന്റെ ഭൂരിഭാഗവും ഭക്ഷ്യാവശ്യത്തിനായി ഉപയോഗിച്ച് അവശേഷിക്കുന്നത് ഞങ്ങൾ വിൽക്കും. ഞങ്ങളുടെ സമുദായത്തിലെ മിക്ക കർഷകർക്കും വനഭൂമിയിൽ കൃഷിചെയ്യാൻ വ്യക്തിഗത അവകാശമുണ്ട്. പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നതെങ്കിലും സമീപത്തുള്ള അരുവികളിൽനിന്നും കിണറുകളിൽനിന്നും ഞങ്ങൾ ജലസേചനാവശ്യങ്ങൾക്കായി വെള്ളമെടുക്കാറുണ്ട്.
















