നാടകം തുടങ്ങുമ്പോൾ പ്രേക്ഷകർ കാണുന്നത് ഇരുട്ട് നിറഞ്ഞ ഒരു വേദിയാണ്. അതിനകത്ത് ഒരു ഉയർന്ന തട്ടുപോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത്, സ്ത്രീപുരുഷന്മാരുടെ നിഴൽരൂപങ്ങൾ കാണാം. “എല്ലാ വർഷവും, മലമുകളിൽനിന്ന് പുഴകൾ കൊണ്ടുവരുന്ന മണൽനിക്ഷേപങ്ങൾ കടൽത്തീരത്ത് സമാന്തരമായി അടിഞ്ഞുകൂടുകയും, കായലോരങ്ങളിൽ ദ്വീപുകൾ രൂപംകൊള്ളുകയും ചെയ്യുന്നു.” കേരളത്തിലെ എറണാകുളത്തെ തീരദേശഗ്രാമങ്ങളുടെ ഭൂമിയേയും ചരിത്രത്തേയും പരിചയപ്പെടുത്തുന്ന ഒരു ശബ്ദം പശ്ചാത്തലത്തിൽ മുഴങ്ങുന്നു. നിഴൽരൂപങ്ങൾക്ക് പിന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിൽ, ക്രിസ്തുവർഷം 1341 മുതൽക്കുള്ള ചരിത്രം കാണാം. തുറമുഖനഗരമായിരുന്ന മുസിരിസിൻ്റെ ഭാഗമായിരുന്ന കാലംമുതലുള്ള ചരിത്രം
വേദിയിൽ പതുക്കെ വെളിച്ചം തെളിയുമ്പോൾ, പത്ത് കഥാപാത്രങ്ങൾ, അവരുടെ വീടിൻ്റെ മുമ്പിലെ വെള്ളക്കെട്ടുള്ള തെരുവിൽ മുട്ടറ്റം വെള്ളത്തിൽ പതുക്കെ നടന്നുവരുന്നു. പശ്ചാത്തലത്തിൽ ഒരു സൈറന് തുല്യമായ ശബ്ദം മുഴങ്ങുമ്പോൾ, വെള്ളത്തിൽ പുതഞ്ഞ കാലുകളോടെ അവർ നടന്നുവരുന്ന ശബ്ദം കേൾക്കാം
സ്റ്റേജിലെ പത്തുപേരിൽ ഒരാൾ ശൈലജ കെ.എസ് ആയിരുന്നു. ചെവിട്ടോർമ്മ എന്നാണ് നാടകത്തിൻ്റെ പേര്. മരണാസന്നനായ ഒരാളെ സമാധാനിപ്പിക്കുന്നതിനായി, അയാളുടെ ചെവിയിൽ മന്ത്രിക്കുന്ന, പ്രാദേശികമായ ഒരു കാത്തോലിക്കാ ചടങ്ങിൻ്റെ പേരാണ് ചെവിട്ടോർമ്മ എന്നത്. നാടകത്തിൽ അഭിനയിക്കുന്ന മറ്റുള്ളവരെപ്പോലെ, ശൈലജയ്ക്കും അഭിനയത്തിൽ മുൻപരിചയമൊന്നുമില്ല. അവരെ സംബന്ധിച്ചിടത്തോളം, യാഥാർത്ഥ്യവും ഭാവനയും കൂടിക്കലരുന്ന ഒരിടമാണത്.
“കുട്ടിക്കാലത്ത് ഞാൻ മഹാവികൃതിയായിരുന്നുവെന്ന് അമ്മ ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്നു. വെറും വികൃതിയല്ല, കുരുത്തക്കേടുതന്നെ. കഥകളൊക്കെ പറഞ്ഞുതന്നാണ് എന്നെ ഭക്ഷണം കഴിപ്പിക്കുക. ഇളംചൂടും ഹൃദ്യമായ രുചിയും മണവുമുള്ള ചോറ്, ഒരു തുള്ളി വെളിച്ചെണ്ണയും ഉപ്പുമായി കൂട്ടിക്കുഴച്ച്..! എനിക്ക് 12-ഓ, 13-ഓ വയസ്സുള്ളപ്പോൾ, കൈനോക്കുന്ന ഒരു സ്ത്രീ വന്ന് ഇങ്ങനെ പറഞ്ഞു, “ഓ, ഇവൾ ഒരു ദിവസം ഈ വീട് കുട്ടിച്ചോറാക്കും. അവസാനത്തെ തരി ഉപ്പുപോലും കൊണ്ടുപോകും!” എനിക്കത് വലിയ വിഷമമായി. ഞാൻ അങ്ങിനെ വല്ലതും ചെയ്യുമോ എന്ന്. എന്നാൽ, മറ്റെല്ലാവരും ചിരിച്ചു.
“വർഷങ്ങൾക്കുശേഷം, 2018-ൽ അമ്മ എൻ്റെകൂടെ കുറച്ചു ദിവസം നിൽക്കാൻ വന്നു. പാവം.” കൈയ്യിൽ ഒരു ഉപ്പുപാത്രവും പിടിച്ച്, പ്രളയം കഴിഞ്ഞ്, അധികം താമസിയാതെ അമ്മയെ നഷ്ടപ്പെട്ട കഥ അവർ പറയുമ്പോൾ, ചുറ്റുമുള്ളവർ ചെവിയോർത്ത് നിശ്ചലരായി ഇരുന്നു.
“ഈ തിയറ്റർ ഗ്രൂപ്പ് ഒരു കുടുംബംപോലെയാണ്. എൻ്റെ മാനസികനില തിരിച്ചുകിട്ടാൻ അതെന്നെ സഹായിച്ചു. എന്തെങ്കിലും സ്വന്തമായി ചെയ്ത് സമൂഹത്തിന് തിരിച്ചുനൽകാൻ എനിക്കാവുമെന്ന് ഞാൻ മനസ്സിലാക്കി,” അഭിമാനം സ്ഫുരിക്കുന്ന ശബ്ദത്തോടെ ആ 57-കാരി പറയുന്നു. വീട്ടമ്മയാണെങ്കിലും, ഒരു വരുമാനത്തിനായി അവർ വീട്ടിൽ അച്ചാറുകൾ ഉണ്ടാക്കുന്നുണ്ട്. ഈയടുത്തകാലത്ത് അവർ ഒരു ആഭരണക്കടയിൽ വിൽപ്പനജോലിയും ചെയ്യാൻ തുടങ്ങി. “സമൂഹ നാടകവേദി എന്നെ 2018-ലെ അനുഭവങ്ങൾ അതിജീവിക്കാൻ സഹായിച്ചു. എൻ്റെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും - പ്രത്യേകിച്ചും, വേലിയേറ്റങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങിനെയാണെന്ന് അറിയാത്ത പുറത്തുള്ളവരുമായി – അത് സഹായിച്ചു.


















