വെയിൽ ചാഞ്ഞ് ചുറ്റും ഇരുൾ പരക്കുന്ന സന്ധ്യാനേരത്തിന്റെ പേരാണ് എനിക്ക് എന്റെ വീട്ടുകാർ നൽകിയത്. എനിക്ക് ഇരുണ്ട നിറമായത് കൊണ്ട് 'സന്ധ്യ' എന്ന പേര് യോജിക്കുമെന്ന് അവർ വിചാരിച്ചു,
ഞാൻ കറുത്തിരുന്നതുകൊണ്ട് എന്റെ കുടുംബം എന്നെ അധികം ലാളിച്ചിട്ടില്ല. കുട്ടിക്കാലത്തെ അത്തരം അനുഭവങ്ങളിൽനിന്ന് നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി; ആ ബോധ്യം പിന്നെ ഒരിക്കലും എന്റെ മനസ്സിൽനിന്ന് മാഞ്ഞില്ല.
1996-ൽ ജാർഖണ്ഡിലെ സാംഗ്രി ഗ്രാമത്തിൽ ഒരു മുണ്ട ആദിവാസി കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്റെ അമ്മയുടെ പേര് നിർമ്മല കെർഖേട്ട എന്നും അച്ഛന്റേത് സുമൻ ലക്ര എന്നുമാണ്. ജാർഖണ്ഡ്-ബീഹാർ അതിർത്തിയിലുള്ള ഛാത്ര ജില്ലയിൽ, നാലുചുറ്റും കാടുകളും പുഴകളും അരുവികളുമുള്ള ഒരു പ്രദേശത്താണ് എന്റെ വീട്.
എന്റെ അച്ഛനമ്മമാർ കർഷകരാണ് - ഞങ്ങൾക്ക് സ്വന്തമായുള്ള രണ്ടേക്കർ ഭൂമിയിൽ സീസൺ അനുസരിച്ച് വെണ്ടയ്ക്ക, ബീൻസ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ ഞങ്ങൾ കൃഷി ചെയ്യാറുണ്ട്. ഇടയ്ക്ക് നെല്ലും കൃഷിയിറക്കും. പക്ഷെ കൃഷിയിൽനിന്ന് പറയത്തക്ക വരുമാനമൊന്നും ലഭിക്കാറില്ല - കൃഷിയിൽനിന്നും, റോഡ് പണി, കുഴൽക്കിണർ കുഴിക്കൽ തുടങ്ങിയവയിൽനിന്നുമുള്ള അച്ഛൻ്റെ സമ്പാദ്യം ചേർത്ത് ഏകദേശം 30,000 രൂപയാണ് ഞങ്ങളുടെ വാർഷിക വരുമാനം
മഹുവയിൽനിന്ന് (മധുക ലോഞ്ചിഫോളിയ വാർ ലാറ്റിഫോളിയ) ഉണ്ടാക്കുന്ന മദ്യം വില്പന നടത്തിയും എന്റെ അച്ഛനമ്മമാർ വരുമാനം കണ്ടെത്തിയിരുന്നു; ആ സമ്പാദ്യംകൂടി ഉപയോഗിച്ചാണ് എന്റെ രണ്ടു സഹോദരിമാരും ഒരു സഹോദരനും ഉൾപ്പെടുന്ന ഞങ്ങളുടെ ആറംഗ കുടുംബം പുലർന്നിരുന്നത്. ഞങ്ങളുടെ പഠനചിലവുകൾക്കുള്ള പണത്തിനായി ഗ്രാമത്തിൽ മധുരപലഹാരങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയും അവർ നടത്തിപ്പോന്നു.
പതിനഞ്ച് അംഗങ്ങളുള്ള ഒരു വലിയ കുടുംബത്തിൽ ജീവിക്കുമ്പോൾ നമുക്ക് എല്ലായ്പ്പോഴും ഒരുപാട് ജോലി ചെയ്യേണ്ടിവരും. പ്രായം കൂടുന്നതനുസരിച്ച് സ്വന്തം വീട്ടിൽ ഒരു ജോലിക്കാരിയെപ്പോലെ പണിയെടുക്കേണ്ട സ്ഥിതി എനിക്കും ഉണ്ടായി. ഞാൻ രണ്ടാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും, അതായത് എനിയ്ക്ക് 7 വയസ്സായപ്പോഴേയ്ക്കും എല്ലാ വീട്ടുജോലികളും ഞാൻ ചെയ്യുമായിരുന്നു- മൊത്തം കുടുംബത്തിനുമുള്ള ഭക്ഷണം പാകം ചെയ്യുക, പാത്രം കഴുകുക, വീടും തൊഴുത്തും വൃത്തിയാക്കുക, പശുക്കളെയും ആടുകളെയും മേയ്ക്കാൻ കൊണ്ടുപോകുക, കാട്ടിൽനിന്ന് വിറക് ശേഖരിക്കുക എന്നിങ്ങനെ എല്ലാ ജോലിയും.


















