രാവിലെ അഞ്ച് മണി. സൂര്യൻ എത്തിത്തുടങ്ങിയിട്ടില്ല. എന്നാൽ ബിഹാറിലെ ഗോപാൽഗഞ്ജ് ജില്ലയിലെ ഹത്വ എന്ന ചെറിയ സെൻസസ് പട്ടണം രണ്ട് വ്യത്യസ്ത ശബ്ദങ്ങൾ കേട്ട് ഉണരുകയായിരുന്നു. ഒന്ന്, ചുറ്റുവട്ടത്തുള്ള ചില മുസ്ലിം ദേവാലയങ്ങളിലെ മിനാരങ്ങളിൽനിന്ന് ഉയരുന്ന ആസാൻ പ്രാർത്ഥനയ്ക്കുള്ള ബാങ്കുവിളി. മറ്റൊന്ന്, പ്രദേശത്തെ മൂന്നോ നാലോ അമ്പലങ്ങളിൽനിന്നുള്ള ഭജനക്കാരുടെ ഗാനങ്ങൾ. അള്ളാഹു അക്ബർ! അള്ളാഹു അക്ബർ! അഷദു അൻലാ ഇലാഹൈല്ല അള്ളാ മന്ത്രങ്ങൾ, ഹരേ രാമ, ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, ഹരേ രാമ മന്ത്രങ്ങളുമായി ഇടകലരുന്നു. അതോടൊപ്പം, കുറച്ചുകൂടി അടുത്തെവിടെയോനിന്ന്, അന്തരീക്ഷത്തിൽ ഒരു പുല്ലാങ്കുഴലിൻ്റെ നാദമാധുരിയും ചേരുന്നുണ്ട്. മറ്റെല്ലാ ശബ്ദങ്ങളേയും മനോഹരമായി കോർത്തിണക്കിക്കൊണ്ട്.
176 വർഷം പഴക്കമുള്ള ഗോപാല ക്ഷേത്രത്തിലേക്ക് ഞാൻ എത്തിയത് ആ ബാൻസുരിയുടെ ശബ്ദമാധുര്യത്തിൻ്റെ പിന്നിലുള്ള കലാകാരനെ തേടിയാണ്. 1850-നും 1866-നും ഇടയിൽ, ഹത്വയിലെ അന്നത്തെ മഹാറാണി ശ്യാം സുന്ദരി കുൻവർ നിർമ്മിച്ച ആ മന്ദിരത്തിൻ്റെ ചുറ്റുമായി ഒരു പഴയ കോട്ടയും, പുതിയ കോട്ടയും ഒരു ശീശ് മഹാളും (കണ്ണാടിമാളിക) ഉണ്ട്. അന്നത്തെ 4,50,000 വെള്ളിനാണയം ചിലവഴിച്ച് (ഇന്നത്തെ 55 കോടി രൂപ) നിർമ്മിച്ച ആ രാജകീയ മന്ദിരത്തിൻ്റെ വാതിലിന് പുറത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കാവൽ നിൽക്കുന്നു. അകത്ത്, 14 ഏക്കറിലായി, പൂന്തോട്ടങ്ങളും ജലധാരകളും തടാകങ്ങളും, ഒരു സംസ്കൃത സർവ്വകലാശാലയും ധാരാളം മുറികളുള്ള ആ പ്രസിദ്ധമായ ക്ഷേത്രവും.
പഴയ ഹത്വ നാട്ടുരാജ്യം ഭരിച്ചിരുന്ന രാജകുടുംബാംഗങ്ങളുടെ അനന്തരാവകാശികളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആ ക്ഷേത്രം. രാവിലെയും വൈകീട്ടും പൊതുജനത്തിന് തുറന്നുകൊടുക്കുന്നു. ആ സമയത്ത് ഏതാനും ഭക്തരെ അവിടെ കാണാം. ശ്രീകോവിലിനുള്ളിലെ രാധാകൃഷ്ണ പ്രതിമയുടെ മുമ്പിലായി ഒരു പൂജാരി ആരതി ഉഴിയുന്നു. അതിനഭിമുഖമായി, തൂണുകളുള്ള ഹാളിലെ നിലത്ത്, സംഗീതകാരന്മാർ അവരുടെ സംഗീതോപകരണങ്ങളുമായി ഇരിക്കുന്നു. തബല, ഹാർമ്മോണിയം, ഇലത്താളം എന്നിവയുമായി. അവരുടെയിടയിലായി, മൊഹമ്മദ് സാഗിർ അൻസാരി എന്ന കലാകാരനും. അദ്ദേഹത്തെക്കുറിച്ച് എൻ്റെ സഹപ്രവർത്തകരിൽനിന്നാണ് ഞാൻ അറിഞ്ഞത്.
70 വയസ്സുള്ള ഒരു മുസ്ലിം ഗായകൻ ഗോപാലക്ഷേത്രത്തിലെ ദൈവങ്ങൾക്ക് തൻ്റെ ബാംസുരിവാദനം സമർപ്പിക്കുന്നു. തൻ്റെ ഈ പ്രവൃത്തിയിൽ അസാധാരണമായ ഒന്നും അദ്ദേഹം കാണുന്നില്ല. “എല്ലാ മനുഷ്യരും തുല്യരാണ്. എല്ലാവരും ഒരുമയോടെ കഴിയണം. ഈ കല, ഈ അറിവ്, ദൈവത്തിൻ്റെ വരദാനമാണ്. അത്, എല്ലാവരുമായി പങ്കുവെക്കുന്നതിൽ ഒരു തെറ്റുമില്ല. ഞാനിത് ഒരു പതിറ്റാണ്ടിലേറെയായി ചെയ്യുന്നു,” അദ്ദേഹം പറയുന്നു.







