“അവരെൻ്റെ രണ്ട് കുടങ്ങൾ മോഷ്ടിച്ചു!”
അനന്ദ ലോഹാർ ദേഷ്യത്തിലായിരുന്നു. ദിവസത്തിൻ്റെ തുടക്കംതന്നെ മോശമായി. കുടങ്ങളിലേക്ക് ഇറ്റുവീഴേണ്ടിയിരുന്ന ചാറ് മാത്രമല്ല, 90 രൂപയും ഗോൽപാഡയിലെ ഈ താമസക്കാരന് നഷ്ടമായി. വീട്ടിൽനിന്ന് കഷ്ടിച്ച് മൂന്ന് കിലോമീറ്റർ അപ്പുറത്തുള്ള സോണാജ്ജൂരിയിൽനിന്ന് വാങ്ങുന്ന രണ്ട് കുടങ്ങളുടെ വിലയാണ് ആ 90 രൂപ.
ഇന്ത്യൻ പനയുടെ (ഫിനിക്സ് സിൽവെസ്ട്രിസ്) മധുരമുള്ള ചാറെടുക്കുന്നതിനുള്ള കുടങ്ങൾ ആവശ്യമുണ്ട് അനന്ദിന്. പനയിൽ കയറി അതിൻ്റെ തോൽ വെട്ടി, ചാർ ശേഖരിക്കുന്നയാളാണ് അദ്ദേഹം. ഷിയൂലി എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ഒക്ടോബർ മുതൽ ജനുവരിവരെ നീളുന്ന ഈ തൊഴിൽ കൂടുതൽ സജീവമാകുന്നത്, ബംഗാളി കലണ്ടർപ്രകാരമുള്ള ഹേമന്തമാസമായ ആശ്വിനത്തിലാണ്. ഹേമന്തമാസം വരുന്നതിൻ്റെ ലക്ഷണമായി പൂക്കാൻ തുടങ്ങുന്ന നിശാപുഷ്പത്തിനും ഷിയൂലി എന്നാണ് പേര് എന്നുകൂടി കൂട്ടിവായിക്കാം.
ബോൽപുർ പട്ടണത്തിലെ ഇഷ്ടികക്കളം പൂട്ടിയതിൽപ്പിനെ, കഴിഞ്ഞ ആറേഴ് കൊല്ലമായി ഈ ജോലി ചെയ്യുന്നതിനാൽ 65 വയസ്സുള്ള അദ്ദേഹത്തിൻ്റെ മുതുക് കൂനിയിരിക്കുന്നു.
കുടങ്ങൾ നഷ്ടപ്പെട്ടതിൻ്റെ അമ്പരപ്പുണ്ട് അനന്ദയ്ക്ക്. “എല്ലാ ഋതുക്കളിലും ഇങ്ങനെ സംഭവിക്കാറുണ്ട്” എന്ന് പിറുപിറുക്കുന്നു അദ്ദേഹം. അദ്ദേഹത്തിന് കയറാനുള്ള അടുത്ത മരത്തിൻ്റെയടുത്തേക്ക് നീങ്ങുകയായിരുന്നു ഞങ്ങൾ. ഉണങ്ങിയ പനയിലകൾ കാൽക്കീഴിൽ ശബ്ദത്തോടെ അമരുന്നുണ്ടായിരുന്നു. തണുപ്പുള്ള പ്രഭാതത്തിനെ മറികടക്കാൻ ആനന്ദ ഒരു തൊപ്പി ധരിച്ചിട്ടുണ്ട്. 300 മീറ്റർ ദൂരത്തുള്ള മോൻസതൊലയിലെ അദ്ദേഹത്തിൻ്റെ വീടിനടുത്താണ് അദ്ദേഹം പാട്ടത്തിനെടുത്ത ഈ മരങ്ങൾ. എന്നാൽ ആസ്ത്മ രോഗിയായ അദ്ദേഹത്തിന് എത്ര ചെറിയ അദ്ധ്വാനവും ബുദ്ധിമുട്ടാണ്. പോരാത്തതിന്, തിരിച്ചുവരുമ്പോൾ ഏഴെട്ട് കിലോ ചാറും ഏറ്റേണ്ടിവരും അദ്ദേഹത്തിന്.


































