മുതിർന്ന ഒരാളുടെ കൈപ്പിടിയിൽ എളുപ്പത്തിൽ ഒതുങ്ങുന്നതാന് വാഹ്യ. നാലര ഇഞ്ച് വലിപ്പമുള്ള അത്, വാഹിൽനിന്ന് (മുള) ഉണ്ടാക്കുന്ന സംഗീതോപകരണമാണ്. ‘പ്രണയത്തിന്റെ ശബ്ദ”മാണ് അതിനെന്ന്, മുളയുടെ ചെറിയ നാരുകൾ ചുണ്ടോടടുപ്പിക്കുമ്പോൾ ങ്ഗാപ് ലോ പറയുന്നു.
നാഗലൻഡിലെ മോൺ ജില്ലയിലെ ഒരു കർഷകയായിരുന്നു ങ്ഗാപ്. ഞങ്ങളോട് സംസാരിക്കുമ്പോൾത്തന്നെ അവർ തന്റെ മേലുടുപ്പിന്റെ കൈമടക്കുകളിൽനിന്ന് ഒരു ചെറിയ സംഗീതോപകരണം വലിച്ചെടുത്തു. ഇടതുകൈകൊണ്ട്, മുളയുടേയും തന്തിയുടേയും ഒരറ്റം പിടിച്ചു. വലതുകൈകൊണ്ട്, അറ്റത്ത് നിറമുള്ള നൂൽക്കഷണങ്ങൾ തൂക്കിയ തന്തികൾ അവർ അമർത്തിപ്പിടിച്ചു. എന്നിട്ട്, വായിക്കാൻ തുടങ്ങി.
ങ്ഗാപ്പിന്റെ തോട്ടടുത്ത്, അവരുടെ ബാല്യകാല സുഹൃത്തുക്കളായ യിംഗ് ലീയും നീളെയും ഇരിക്കുന്നുണ്ടായിരുനു. എല്ലാവരും അറുപതുകൾ അവസാനിക്കാറായവർ. മോൺ ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് ചർച്ചിനോട് ചേർന്നുള്ള മൈതാനത്തിൽ നടക്കുന്ന ഔലേംഗിൽ പങ്കെടുക്കാൻ ഒരുമിച്ച് യാത്രചെയ്തവരാണവർ.






