“60 വർഷം മുമ്പ് കുഷ്ഠരോഗം ഉണ്ടായിരുന്ന ഒരാളുമായി ഇടപഴകിയാൽ ഇന്നും രോഗം പകരുമെന്ന് ഇപ്പോഴും ആളുകൾ വിശ്വസിക്കുന്നുണ്ട്.”
എഴുപതുകളിലെത്തിയ നിയാമത് ഉല്ലാഹ് ഖാൻ ആറു ദശാബ്ദങ്ങൾക്ക് മുമ്പേ കുഷ്ഠരോഗത്തിൽനിന്ന് മുക്തനായെങ്കിലും, അതിൻ്റെ സാമൂഹിക കളങ്കം ഇന്നും തന്നെ പിന്തുടരുന്നതായി അദ്ദേഹം പങ്കുവെക്കുന്നു. “എൻ്റെ കുടുംബം എന്നെ ബഹുമാനിക്കുന്നുണ്ട്. പക്ഷേ എൻ്റെ ഈ അവസ്ഥ കാരണം മറ്റുള്ളവരിൽനിന്ന് അത് പ്രതീക്ഷിക്കാൻ കഴിയില്ല." അദ്ദേഹം പറയുന്നു.
സഹതാപവും വെറുപ്പും കലർന്ന നോട്ടങ്ങൾ തുടർന്നും സഹിക്കേണ്ടതില്ലെന്നുവെച്ചാണ് അദ്ദേഹം 2025-ൽ കുപ്വാരയിലെ വീടും കുടുംബവും വിട്ട് ശ്രീനഗറിലെ ബെഹ്റാർ കുഷ്ഠരോഗ കോളനിയിലേക്ക് താമസം മാറുന്നത്.
“ഇവിടെ എല്ലാവരും ഒരുപോലെയാണ്, അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത്. എൻ്റെ ഗ്രാമത്തിൽ അനുഭവിച്ച ഒറ്റപ്പെടുത്തൽ ഇവിടെ ഇല്ല,” 76-കാരനായ നിയാമത് പറയുന്നു. “ഈ സ്ഥലം എനിക്ക് വീടുപോലെയാണ്. മരിക്കുന്നതുവരെ ഇവിടെത്തന്നെ കഴിയാനാണ് തീരുമാനം.”
















