സ്ഫടികംകൊണ്ടുള്ള സിപാർ പാറ്റ്നയുടെ തെരുവിലൂടെ നീങ്ങുമ്പോൾ, അതിന്റെ അർദ്ധഗോളാകൃതിയിലുള്ള ഘടനയുടെ തിളക്കം നയനമനോഹരമായ ഒരു കാഴ്ചയാണ്. “വാൾ മുതൽ പരിചവരെ, എന്തിനേറെ, വാളിന്റെ അറ്റം തുളഞ്ഞുകയറിയതായി തോന്നിപ്പിക്കുന്ന അലങ്കാര മാതളനാരങ്ങകൾവരെ എല്ലാം സ്ഫടികംകൊണ്ടുണ്ടാക്കിയവയാണ്” നഗരത്തിന്റെ അഭിമാനമായ ശീശേ കി സിപാറിനെക്കുറിച്ച് പറയുകയാണ് നസെർ ഇമാം.
പാറ്റ്നയിലെ മുഹറം ഘോഷയാത്രകളിലാണ് സങ്കീർണ്ണമായ സ്ഫടികം സിപാറുകൾ പ്രത്യക്ഷപ്പെടുക. ഒരുകാലത്ത്, യുദ്ധഭൂമിയിലേക്ക് കൊണ്ടുപോയിരുന്ന അലങ്കരിച്ച ആയുധശേഖരത്തോട് സാമ്യമുള്ള ഈ സിപാറിൽ വാൾ, പരിച, അമ്പ്, വില്ല് തുടങ്ങിയ എല്ലാ ആയുധങ്ങളും ഉണ്ടാവും. വിവിധ കരകൌശലവിദ്യകളിൽനിന്നുള്ള അലങ്കാരങ്ങളുണ്ടായിരിക്കും ഇവയിൽ.
ഒരു കിലോമീറ്റർ അകലെ, പാറ്റ്ന നഗരത്തിന്റെ തെക്കുഭാഗത്തായി, തന്റെ പണിശാലയുടെ മുമ്പിൽ പെണ്മക്കളോടൊപ്പം നിൽക്കുകയായിരുന്നു 40 വയസ്സുള്ള മൊഹമ്മദ് നെസാർ സിപാറിന്റെ പണി അപ്പോൾ തീർത്തിട്ടേ ഉണ്ടായിരുന്നുള്ളു. തന്റെ സൃഷ്ടിയെ അവസാനമായി ഒരിക്കൽക്കൂടി നോക്കുകയായിരുന്നു അയാൾ. വരാന്തയിൽ അത് പ്രദർശിപ്പിച്ചിരുന്നു. ബാഗ് കാലു ഖാൻ എന്ന ആ പഴയ പ്രദേശത്ത്, ഏതാനും വീടുകളും ഒരു മസറും (ദേവാലയം) ഉണ്ടായിരുന്നു.
“ഇത് ഒരൊറ്റയാളുടെ ജോലിയല്ല,” നെസാർ പറയുന്നു. “വിവിധ കലാവൈദഗ്ദ്ധ്യങ്ങളുടെ സങ്കലനമാണിത്. ചിലർ ബിഹാറിന്റെ സ്വന്തം. മറ്റ് ചിലത്, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളത്.”
ആദി, സർദോസി, കഷീദ കാരി, ഛാപ, നാഗ് എന്നിവയും ചിലപ്പോൾ മീനകാരി തുടങ്ങിയ വിവിധ കൈത്തൊഴിലുകൾ സിപാറിൽ കാണാമെന്ന് അയാൾ പറയുന്നു. (കൊളുത്തുള്ള ഒരു സൂചിയുപയോഗിച്ച് തുണിയിൽ സങ്കീർണ്ണമായ രൂപകല്പന ചെയ്യുന്ന വിദ്യയാണ് ആദി; ലോഹത്തിന്റെ നൂലുകളുപയോഗിച്ച് സങ്കീർണ്ണമായ അലങ്കാരത്തുന്നലുകൾ ചെയ്യുന്ന കലയാണ് സർദോസി; കശ്മീരി രീതിയിൽ, ബിഹാറിൽ ചെയ്യുന്ന അലങ്കാരത്തുന്നലാണ് കഷീദ കാരി; മരത്തിന്റെ അച്ചുകൊണ്ട് ലോഹനിറങ്ങൾ പ്രിന്റ് ചെയ്യുന്ന രീതിയാണ് ഛാപ).
ഈ സിപാറിൽ മീനകാരിയുമുണ്ട്. ഇനാമൽ പെയിന്റിംഗാണത്. പിന്നെ നാഗ് കൈത്തൊഴിലും കാണാം. മനോഹരമായി കൊത്തിയെടുത്ത് മൂർച്ചവെപ്പിച്ച രത്നങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ചുവെക്കുന്ന കലയാണത്.



















