അയാൾ അവരെ ‘അമ്മ’ എന്നാണ് വിളിക്കുന്നത്. പക്ഷേ അസുണ്ടയുടെ മകനല്ല സഞ്ജീവനി.
ധരംജയ്ഗഡ് ബ്ലോക്കിലെ മിരിഗുഡ ആരോഗ്യ ഉപകേന്ദ്രത്തിൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുന്ന ഗ്രാമീണ ആരോഗ്യകാര്യ സംഘാടകയാണ് അസുണ്ട ടോപ്പൊ. ഏതാനും വർഷങ്ങൾക്കുമുമ്പ്, അവർക്ക് അല്പം സങ്കീർണ്ണമായ ഒരു പ്രസവം കൈകാര്യം ചെയ്യേണ്ടിവന്നു. ഒരു അമ്മയുടെ രക്താതിസമ്മർദ്ദം വളരെ കൂടുതലായിരുന്നു. ഹീമോഗ്ലോബിൻ വളരെ കുറവും. ഏഴ് ഗ്രാമിൽലും താഴെ. ‘ഞങ്ങളുടെ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തുമ്പോഴേക്കും പ്രസവവേദന തുടങ്ങിയിരുന്നു. മേശയിൽ കിടത്തുന്നതിന് മുന്നേ കുട്ടി ജനിച്ചു,” അവർ ഓർക്കുന്നു.
‘ഉപസ്വാസ്ഥ്യ കേന്ദ്ര’ എന്ന് അറിയപ്പെടുന്ന ആരോഗ്യ ഉപകേന്ദത്തിൽ ജനിച്ച ആ കുട്ടിയുടെ അവസ്ഥയും അത്രയ്ക്ക് മെച്ചമായിരുന്നില്ല. “ഇവിടെ ഞങ്ങൾക്ക് ഓക്സിജനും മറ്റ് സൌകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അമ്മയുടെ സ്ഥിതിയും മോശമായിരുന്നു,” അസുണ്ട പറയുന്നു. ധാരാളം ചോര വാർന്നുപോയിരുന്നു. കുട്ടിയെയാണോ, അമ്മയെയാണോ പരിപാലിക്കേണ്ടതെന്നറിയാതെ ആർ.എച്ച്.ഒ. കുഴങ്ങി.
“ആദ്യം ഞങ്ങളവരെ ധരംജയ്ഗഡിലേക്ക് കൊണ്ടുപോയി. അവിടെയൊരു ഡോക്ടറുണ്ടായിരുന്നു. അവരുടെ പേര് ഞാൻ പറയുന്നില്ല. അവർ അല്പം ദേഷ്യപ്പെട്ട് ചോദിച്ചു, ഈ മോശം അവസ്ഥയിൽ എന്തിനാണ് അമ്മയേയും കുട്ടിയേയും അങ്ങോട്ട് കൊണ്ടുവന്നതെന്ന്. ഞാൻ വിട്ടുകൊടുത്തില്ല. ഞാൻ പറഞ്ഞു, നിങ്ങളെക്കൊണ്ടാവില്ലെങ്കിൽ, വിട്ടുകളയൂ. എന്നെയൊന്ന് സഹായിച്ചാൽ മതി എന്ന്. അവർക്ക് ദേഷ്യം വന്നു,” അസുണ്ട ആ സന്ദർഭം ഓർമ്മിക്കുന്നു.
ഒരു ആംബുലൻസ് വേണമെന്ന് പറഞ്ഞ്, അസുണ്ട കുട്ടിയെ കൈയ്യിലെടുത്തു. ഡോക്ടർ ഒടുവിൽ വഴങ്ങി. അവർ ഒരു കുത്തിവെപ്പ് നൽകി. തന്റെ കൂടെയുണ്ടായിരുന്ന മിതാനിൻ (അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തക) വലിയ സഹായമായിരുന്നു എന്ന് അസുണ്ട പറയുന്നു. കുട്ടിയുടെ വായിലേക്ക് സ്വന്തം വായ അടുപ്പിച്ച് ശ്വാസോച്ഛ്വാസം നൽകി കുട്ടിയെ രക്ഷിക്കാൻ അസുണ്ട ശ്രമിക്കുമ്പോൾ, ആ പ്രവർത്തക എല്ലാ സഹായവും നൽകി.











