പ്രിയങ്ക കുമാരി അതിവേഗ ഓട്ടക്കാരിയാണ്. തന്റെ 18 വയസ്സുള്ള മകളുടെ വേഗത്തെക്കുറിച്ച് അച്ഛൻ ലാൽ ദേവ് ഒറാവോ അഭിമാനത്തോടെയാണ് പറയുന്നത്. “കുട്ടിക്കാലംതൊട്ടേ അവൾ വേഗത്തിലാണ് ഓടിയിരുന്നത്,” അദ്ദേഹം പറയുന്നു.
ദിവസവേതനത്തൊഴിലാളിയായ അദ്ദേഹത്തിൻ്റെ നാല് മക്കളിൽ മൂത്തയാളാണ് പ്രിയങ്ക. അർധസൈനിക വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ എസ്.എസ്.സി-ജിഡി-ക്കായി അവൾ കുറച്ചുകാലമായി തയ്യാറെടുക്കുകയാണ്.
“എനിക്ക് യൂണിഫോം ധരിക്കണം,” അവൾ നാണത്തോടെ പറയുന്നു.
പ്രിയങ്ക എല്ലാ ദിവസവും പരിശീലിക്കുന്നുണ്ട് — എന്നാൽ അവൾക്ക് ഇനി ആ പരീക്ഷ എഴുതാൻപോലും യോഗ്യതയുണ്ടാകുമോ എന്ന് സംശയമാണ്. അർധസൈനിക വിഭാഗങ്ങളുടെ മെഡിക്കൽ പരിശോധനയിൽ ഫ്ലൂറോസിസ് പരിശോധിക്കും. അവളുടെ പല്ലുകളിലെ പാടുകളും സന്ധികളിലെ വേദനയും — ഫ്ലൂറോസിസിന്റെ ലക്ഷണങ്ങളായ ഇവ — അയോഗ്യതയ്ക്ക് കാരണമായേക്കാം.
കഴിഞ്ഞ നവംബറിലാണ് ഗ്രാമത്തിനടുത്തുള്ള തുറസ്സായ പാടങ്ങളിൽ അവൾ പരിശീലനം തുടങ്ങിയത്. 8.5 മിനിറ്റിനുള്ളിൽ 1,600 മീറ്റർ ഓടിയെത്തുക എന്നതായിരുന്നു ലക്ഷ്യം. “ആദ്യ ദിവസംതന്നെ ഞാൻ ഏഴ് മിനിറ്റിൽ ഓടിയെത്തി,” പ്രിയങ്ക ശാന്തമായ അഭിമാനത്തോടെ പറയുന്നു.
എന്നാൽ ആ ആദ്യ ഓട്ടത്തിനുശേഷം അവൾക്ക് വേദന തുടങ്ങി. ആദ്യം മുട്ടുകളിലായിരുന്നു. വേദനസംഹാരി കഴിക്കാൻ അച്ഛൻ നിർദേശിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. “ഒരിക്കൽ കഴിച്ചാൽ അത് പിന്നെ ശീലമായിപ്പോകും.” ചുറ്റുമുള്ള മുതിർന്നവരെല്ലാം വേദന അസഹനീയമാകുമ്പോൾ വേദനസംഹാരിയെ ആശ്രയിക്കുന്നവരാണ്. ജാർഖണ്ഡിലെ പാലാമു ജില്ലയിൽ അവൾ ജീവിതകാലം മുഴുവനും കണ്ടുവരുന്നതും അതാണ്.
ജാർഖണ്ഡിലെ പാലാമു ജില്ലയിലെ ചുക്ടു ഗ്രാമത്തിലെ ജനങ്ങൾ, ഭൂരിഭാഗവും - പട്ടികവർഗവിഭാഗക്കാർ - ഫ്ലൂറോസിസിന്റെ ഇരകളാണ്. കുടിവെള്ളത്തിൽ അമിതമായി അടങ്ങിയിരിക്കുന്ന ഫ്ലൂറൈഡാണ് ഈ മാറ്റാനാവാത്ത രോഗാവസ്ഥയ്ക്ക് കാരണം. ഫ്ലൂറൈഡ് പാറകളിലും മണ്ണിലും ഭൂഗർഭജലത്തിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരു ധാതുവാണ്. പാലാമുവിൻ്റെ ശിലാപാളികളിൽ ഭൂരിഭാഗവും നൈസും ഗ്രാനൈറ്റുമാണ്. ഫ്ലൂറൈഡ് അടങ്ങിയ ധാതുക്കളുടെ സാന്നിധ്യം ഇവയിൽ കൂടുതലാണ്. ഇവയിലൂടെ വെള്ളം ഒഴുകുമ്പോൾ ഫ്ലൂറൈഡ് അതിലേക്ക് കലരുന്നു.




























