“ചെറുപ്പകാലത്ത് ഞാൻ ഒരിക്കലും കരുതിയതല്ല, ഞങ്ങളിത് നിർത്തുമെന്ന്.”
എന്നാൽ, രാധാ ദേവിയുടെ വീടിൻ്റെ അട്ടത്ത് ഉപേക്ഷിക്കപ്പെട്ട് പൊടിമൂടി കിടക്കുന്ന ഉപകരണങ്ങൾക്ക് മറ്റൊരു കഥ പറയാനുണ്ട്. ഒരു നെയ്ത്തുചക്രത്തിനും പഴയ മരത്തിൻ്റെ ഷട്ടിലിനും. ഒരിക്കലും നിറം കൊടുക്കേണ്ടിവന്നിട്ടില്ലാത്ത സ്വാഭാവികമായ കമ്പിളിരോമങ്ങൾകൊണ്ട് കമ്പിളികൾ നെയ്തിരുന്ന പതിറ്റാണ്ടുകളിൽ കൂടെയുണ്ടായിരുന്ന ഉപകരണങ്ങൾ.
“നൂൽ നൂൽക്കുന്ന വിദ്യ എൻ്റെ കൈയ്യിൽനിന്ന് നഷ്ടപ്പെട്ടുപോവുകയാണ്,” ഭോജ്പുരിൽനിന്നുള്ള നെയ്ത്തുകാരിയും നൂൽനൂൽപ്പുകാരിയുമായ അവർ പറയുന്നു. “2016-ൽ അത് ഉണ്ടാക്കിയതിൽപ്പിന്നെ മറ്റൊന്നും ഞാൻ നെയ്തിട്ടില്ല,” കട്ടിയും, ചാരനിറവും, വരകളുള്ളതുമായ ഒരു കമ്പിളി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അവരത് പറഞ്ഞത്.
“എൻ്റെ അമ്മയുടേയും അമ്മായിയുടേയും മുത്തശ്ശിയുടേയും ഒപ്പമാണ് ഞാൻ ഇത് ഉണ്ടാക്കിയിരുന്നത്,” അവർ പറയുന്നു. തൻ്റെ വയസ്സ് എത്രയാണെന്ന് അവർക്കറിയില്ല. പക്ഷേ, “ഇന്ദിരാഗന്ധിയെയൊക്കെ ഞാൻ കണ്ടിട്ടുണ്ട്” എന്ന് അവർ സൂചിപ്പിക്കാനും മറന്നില്ല.
ഗർഗാനി ബ്ലോക്കിലെ ഭിൻരാരി ഗ്രാമത്തിലെ ഇടവഴികളിൽ പണ്ട്, ചെമ്മരിയാട്ടിൻ രോമങ്ങൾക്ക് സ്വന്തമായ ഒരു താളമുണ്ടായിരുന്നു. ശീതകാലച്ചന്തകളിൽ, പാൽ കരകൗശലക്കാർ നെയ്തിരുന്ന കമ്പിളിപ്പുതപ്പുകൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. അത് ആളുകളെ തണുപ്പുള്ള രാത്രികളിൽനിന്ന് രക്ഷിച്ചു. ഇന്ന് ആ കമ്പോളങ്ങൾ ശാന്തമാണ്. ഗ്രാമത്തിലെ സമുദായാംഗങ്ങളിൽ അത്തരം പുതപ്പുകൾ നെയ്തിരുന്ന അവസാനത്തെ ആളായിരുന്നു രാധാ ദേവി.
“ഇതാണ് ഞങ്ങളുടെ ജാതി,” രാധാ ദേവി പറയുന്നു. “തുടക്കം മുതൽ ഞങ്ങൾ ചെയ്തിരുന്നതും ഇതാണ്.”
പച്ചയും പിങ്കും കലർന്ന നിറമുള്ള ഒരു സാരി ധരിച്ച്, രാധാ ദേവി തൻ്റെ ഇഷ്ടികവീടിൻ്റെ ചുമർ ചാരി നിന്ന്, ഒമ്പത് വയസ്സുള്ളപ്പോൾ ആ കരകൗശലവിദ്യ പഠിച്ചത് ഓർമ്മിച്ചെടുത്തു. അവർ സ്കൂളിൽ പോയിട്ടില്ല. അമ്മയിൽനിന്നാണ് ഇത് പഠിച്ചത്. അച്ഛനും മുത്തച്ഛനും നൂറിലധികം ചെമ്മരിയാടുകളെ വളർത്തിയിരുന്നു. പുരുഷന്മാർ ആടുകളെ അടുത്തുള്ള ഗ്രാമങ്ങളിലും മറ്റ് ജില്ലകളിലും കൊണ്ടുപോയി വിൽക്കുമ്പോൾ, വീട്ടിലെ സ്ത്രീകളാണ് സ്വെറ്ററുകളും പുതപ്പുകളും തയ്ച്ചിരുന്നത്. വിവാഹശേഷവും ആ രീതി തുടർന്നു. ഭർത്താവും ഭർത്തൃപിതാവും ആടുകളെ പരിപാലിച്ചു, രാധാ ദേവിയും ഭർത്തൃമാതാവും ബ്ലാങ്കറ്റുകൾ നെയ്തു.












