ഷബോർപാഡയിൽ ഞാൻ എത്തുമ്പോൾ ഇരുട്ട് വീണിരുന്നു. ബാൻദുവാൻ താലൂക്കയിലെ കുൻചിയാ ഗ്രാമത്തിന്റെ അതിരിലായി, റോഡിൽനിന്ന് അല്പം മാറിയാണ് ആ പ്രദേശത്തെ പതിനൊന്ന് വീടുകൾ പണിതിരിക്കുന്നത്- മണ്ണുകൊണ്ട് തീർത്തിട്ടുള്ള ഈ ചെറുവീടുകൾ സവർ (ഷബോർ എന്നും അറിയപ്പെടുന്നു) സമുദായക്കാരുടേതാണ്.
പാതി ഇരുൾമൂടിക്കിടക്കുന്ന ഈ വീടുകളുടെ പരിസരത്തുനിന്ന് ആരംഭിക്കുന്ന വനപ്രദേശം ക്രമേണ ഇടതൂർന്ന വനമായി വളർന്ന് ദുവാർസിനി മലനിരകളിൽ ലയിക്കുന്നു. ഷാൽ, ഷേഗുൻ, പിയാൽ, പലാഷ് എന്നീ മരങ്ങൾ സമൃദ്ധമായിട്ടുള്ള ഈ വനം ഷബോർ സമുദായക്കാർക്ക് പുഷ്പങ്ങളും ഫലങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെയും ഉപജീവനമാർഗ്ഗങ്ങളുടെയും സ്രോതസ്സാണ്.
ഷബോർ സമുദായത്തെ പശ്ചിമ ബംഗാളിൽ പട്ടികവർഗ്ഗ സമുദായമായും ഡീനോട്ടിഫൈഡ് ട്രൈബായും (ഡി.എൻ.ടി) പട്ടികപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന്റെ ക്രിമിനൽ ട്രൈബ്സ് ആക്ട് (സി.ടി.എ) പ്രകാരം 'ക്രിമിനൽ' എന്ന് മുദ്രകുത്തപ്പെട്ടിരുന്ന അനേകം സമുദായങ്ങളിൽ ഉൾപ്പെട്ടവരായിരുന്നു ഇക്കൂട്ടർ. 1952-ൽ ഇന്ത്യൻ സർക്കാർ ഈ നിയമം പിൻവലിച്ചതിനുശേഷം ഈ സമുദായങ്ങൾ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്നാണ് അറിയപ്പെടുന്നത്.
ഷബോർപാഡയിലെ (ഷബോർപാറ എന്നും അറിയപ്പെടുന്നു) കുടുംബങ്ങൾ ഇന്നും വനത്തെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവരിലൊരാളാണ് 26 വയസ്സുകാരിയായ നേപ്പാളി ഷബോർ. ഭർത്താവ് ഘോൽട്ടുവും രണ്ട് പെൺമക്കളും കൈക്കുഞ്ഞായ മകനും ഉൾപ്പെടുന്ന നേപ്പാളിയുടെ കുടുംബം പുരുലിയ ജില്ലയിൽ ഒരു മൺകുടിലിലാണ് താമസിക്കുന്നത്. മൂത്ത കുട്ടി ഒമ്പത് വയസ്സുള്ള മകൾ 1-ആം ക്ലാസ്സിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ പിച്ചവെച്ചുനടക്കുന്ന പ്രായമാണ്. ഏറ്റവും ഇളയത് മകൻ. മുലകുടി മാറാത്ത കുഞ്ഞ്. സാലവൃക്ഷത്തിന്റെ (ഷോറിയ റോബസ്റ്റ) ഇലകളാണ് ഈ കുടുംബത്തിന്റെ വരുമാന സ്രോതസ്സ്.




