“അതിൻ്റെ കൊമ്പുകൊണ്ടുള്ള ഒരു കുത്തലിൽ നശിച്ചുപോയത്, വിളവിൻ്റെ ഏഴ് ചാക്കുകളാണ്.”
തൻ്റെ ദംപരേഹുംഗ്പൈ ഗ്രാമത്തിലെ തൻ്റെ വീട്ടിൽ ആ ഒറ്റയാൻ വരുത്തിവെച്ച നഷ്ടങ്ങൾ, ഒരു വർഷം കഴിഞ്ഞിട്ടും റമ്പാരയെ വിട്ടുപോയിട്ടില്ല.
ഏഴ് ചാക്ക് വിളവ് എന്നാൽ അഞ്ച് പാട്ട കടുകാണ്. 10-12 കിലോഗ്രാം വരും. മിസോറാമിൽ, ടിൻ കാനുകളുടെ കണക്കിലാണ് ഭാരം, അഥവാ അളവ് സൂചിപ്പിക്കുക.
“ആനയുടെ ആക്രമണത്തിൽ, കടുകെല്ലാം ചീത്തയായി,” അദ്ദേഹം പറയുന്നു. മുളകൊണ്ടുള്ള ഷെഡ്ഡിൽ സൂക്ഷിച്ചുവെച്ചിരുന്ന നെല്ലും എല്ലാം ആന ഒറ്റയടിക്ക് നശിപ്പിച്ചു.
എന്നാൽ, 73 വയസ്സുള്ള റമ്പാര ഇതൊക്കെ ക്ഷമിക്കാൻ കഴിയുന്ന ആളാണ്. “ആ ആന സാധുവാണ്, ആളുകളെ ഒരിക്കലും ആക്രമിച്ചിട്ടില്ല. ഏറിവന്നാൽ, വിളകൾ നശിപ്പിക്കും. ഭക്ഷണത്തിനുവേണ്ടി വരുന്നതാണ്. അത് കിട്ടിയാൽ തിരിച്ചുപോവും.” കൃഷിക്കാരനും മുളകൊണ്ടുള്ള കരകൗശലവിദഗ്ദ്ധനുമായ റമ്പാര, റിയാംഗ് (റിയാങ്ങ് എന്നും പറയുന്നു) സമുദായക്കാരനാണ്.
ആന ഒരു നാണംകുണുങ്ങിയാണെന്ന് അദ്ദേഹം പാരിയോട് പറഞ്ഞു. “മനുഷ്യരുടെ ശബ്ദം കേട്ടാൽ, അത് അതിൻ്റെ വലിയ ചെവികൾ താഴ്ത്തും.” പാടത്തേക്കുള്ള അതിൻ്റെ വരവും കുറഞ്ഞിരിക്കുന്നു. 2022-ലും 2023-ലും മൂന്ന് നാല് തവണ വന്നിരുന്നത്, 2024-ൽ രണ്ട് തവണയും, 2025-ൽ ഒരുതവണയായും കുറഞ്ഞു.















