മേഞ്ഞ വീടിൻ്റെ പുറത്തിരുന്ന്, 48 വയസ്സുള്ള ഗോമതി വീരയൻ, രാവിലെ തൻ്റെ കുടുംബത്തിനുള്ള പ്രാതൽ എളുപ്പത്തിൽ ഒരുക്കുകയായിരുന്നു. മയിലാടുതുറൈ ജില്ലയിലെ സീർകാഴി താലൂക്കിലെ താണ്ടവങ്കുളം ഗ്രാമത്തിലെ അണ്ണാ നഗർ എന്ന ദളിത് ചേരിയിലെ ഒരു പതിവ് കാഴ്ചയാണ് ഇത്. പഴൈയാറിൽനിന്ന് ആറ് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. പ്രദേശത്തെ മറ്റ് സ്ത്രീകളെപ്പോലെ, ഗോമതിയുടെ ദിവസവും ആരംഭിക്കുന്നത് അതിരാവിലെ നാലുമണിക്കാണ്. അടുത്തുള്ള ടാപ്പിൽനിന്ന് വെള്ളം കൊണ്ടുവരിക, വീട് അടിച്ചുവാരുക, മുറ്റത്തെ അടുപ്പിനടുത്തിരുന്ന് ഭക്ഷണം പാചകം ചെയ്യുക എന്നതൊക്കെ അവരുടെ പ്രഭാതങ്ങളിലെ നിത്യത്തൊഴിലാണ്.
“ഗ്യാസ് സിലിണ്ടറുണ്ടെങ്കിലും ഇതാണ് ലാഭം,” കൈയിലുകൊണ്ട് പാത്രത്തിൽ ഇളക്കിക്കൊണ്ട് ഗോമതി പറയുന്നു. ഭർത്താവിനും, ഭർത്തൃമാതാവിനും മകനുമുള്ള ഭക്ഷണമുണ്ടാക്കിത്തീർന്നപ്പോഴേക്കും സ്വയം ഭക്ഷണം കഴിക്കാനുള്ള സമയമില്ലാതായി അവർക്ക്.
അവർ പഴൈയാറിലേക്ക് കുതിച്ചു. അവിടെ ഫിഷിംഗ് ഹാർബറിൽ മീൻ ഉണക്കുന്ന ജോലിയാണ് അവർക്ക്. പുഴകളുടെ താളവും, ചന്ദ്രൻ്റെ ആവർത്തിയേയും ആശ്രയിച്ചാണ് രാവന്തിയോളമുള്ള അവരുടെ ജോലി.
വേലിയിറക്കമാവുമ്പോഴേക്കും പുഴക്കരയിലെത്താൻ പാകത്തിൽ സ്ത്രീകൾ ഓരോരുത്തരായി വീട്ടുപണികൾ കഴിഞ്ഞ് വരാൻ തുടങ്ങി. പഴൈയാറിലെ മത്സ്യങ്ങളെ ഉണക്കുന്ന പണിയാണുള്ളതെങ്കിൽ, ബസ് പിടിക്കാൻ അവർ എട്ടുമണിയാവുമ്പോഴേക്കും അടുത്തുള്ള ബസ് സ്റ്റാൻഡിലേക്കെത്തും. തിരകളെ ആശ്രയിച്ചാണ് അവരുടെ ജോലി. “ഞങ്ങളുടെ ജീവിതത്തിൻ്റെ പിടിവള്ളിയാണ് പഴൈയാർ. ചുറ്റുമുള്ള ഗ്രാമങ്ങൾക്ക് ഇതാണ് എല്ലാം,” പഴൈയാർ ഫിഷിംഗ് ഹാർബറിൽ മത്സ്യം ഉണക്കുന്ന ഗോമതി പറയുന്നു.
കൊല്ലിടം പുഴ ബംഗാൾ ഉൾക്കടലിനെ സന്ധിക്കുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖമാണ് പഴൈയാർ. മയിലാടുതുറൈയിൽ സ്ഥിതി ചെയ്യുന്ന അത് (2020-ൽ നാഗപട്ടിണം ജില്ലയിൽനിന്ന് മുറിച്ചെടുത്തത്) തമിഴ് നാട്ടിലെ 12 ഫിഷിഗ് ഹാർബറുകളിലൊന്നാണ്. മത്സ്യത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ചുറ്റുമുള്ള ഗ്രാമങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഏക ആശ്രയമാണ് അത്.
പഴൈയാർ ഫിഷിംഗ് ഹാർബറിൽ മത്സ്യങ്ങളെ ഉണക്കുന്ന ജോലി ഗോമതി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. “സ്ത്രീകളുടെ ജീവിതം ഹാർബറുമായി ഇഴചേർന്ന് കിടക്കുകയാണ്,” ഗോമതി പറയുന്നു. “ഞങ്ങൾ ജനിച്ചതും, വിവാഹം ചെയ്തത്, ജീവിക്കുന്നതും എല്ലാം ഇവിടെയാണ്. പണ്ട് ഞങ്ങൾ പാടങ്ങളിൽ നെല്ലും, ചെറുധാന്യങ്ങളും പയർവർഗ്ഗങ്ങളും കൃഷി ചെയ്തിരുന്നു. ഇപ്പോൾ അതൊന്നും സാധിക്കുന്നില്ല. ഒന്നുകിൽ മഴക്കൂടുതൽ. അല്ലെങ്കിൽ തീരെ മഴയില്ല. എല്ലാ വിളകളും നശിക്കുന്നു.”
“15 വയസ്സുമുതൽ കൈകൊണ്ട് കൊഞ്ചിനെ (കരിദിയ) പിടിക്കാൻ തുടങ്ങിയതാണ് ഞാൻ. എൻ്റെ അമ്മയും അമ്മായിയമ്മയുമൊക്കെ ഇത് ചെയ്തിരുന്നു. ഗർഭിണിയായിരിക്കുമ്പോൾപ്പോലും ഞാൻ ആ ജോലി ചെയ്തിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം സാധിച്ചത് ഇതിൽനിന്നുള്ള വരുമാനംകൊണ്ടാണ്. സാധിക്കുന്നിടത്തോളം കാലം ഞാൻ ഈ ജോലി തുടരുകയും ചെയ്യും,” അവർ പറയുന്നു.
ഹാർബറിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള അവരുടെ ഈ ഗ്രാമത്തിൽ 20-ലധികം സ്ത്രീകൾ ഈ ജോലി ചെയ്തുവരുന്നു. “സ്ത്രീകൾ രാവിലെ 6 മണിക്കുള്ള ബസ്സ് പിടിക്കും. ഞങ്ങൾ കൊഞ്ചും, മത്സ്യവും, കൂന്തലുമൊക്കെ നാലഞ്ചുതവണ വൃത്തിയാക്കും, ഉപ്പിട്ട് സൂക്ഷിച്ചുവെക്കും, ഉണക്കും. ഓരോ ഇനവും വെവ്വേറെയായിട്ടാണ് ചെയ്ത് കെട്ടിവെക്കുക,” ഗോമതി പറയുന്നു. സംസ്ഥാനത്ത് പട്ടികജാതിയായി രേഖപ്പെടുത്തിയിട്ടുള്ള പറയർ സമുദായക്കാരിയാണ് അവർ.




















