"കൈകൊണ്ട് നെയ്ത ഏതാനും ദൗരികളല്ലാതെ വേറൊരു സമ്മാനവും കൊടുക്കരുതെന്ന് കല്യാണപ്പെണ്ണിന്റെ അമ്മ ചട്ടം കെട്ടിയിട്ടുണ്ട്," ചന്ദ്രാവതി ദേവി ഒരു പുഞ്ചിരിയോടെ പറഞ്ഞു. "ഞങ്ങൾക്ക് വിലയേറിയ സമ്മാനങ്ങൾ വാങ്ങിക്കൊടുക്കാനുള്ള സാമ്പത്തികസ്ഥിതിയില്ല; ഞങ്ങളുടെ പാരമ്പര്യമനുസരിച്ച് ഇങ്ങനെയുള്ള സമ്മാനങ്ങളാണ് വിവാഹത്തിന് നൽകാറുള്ളത്," അവർ കൂട്ടിച്ചേർത്തു. തന്റെ മരുമകളുടെ വിവാഹത്തിന് സമ്മാനം നൽകുന്നതിനെക്കുറിച്ചാണ് ചന്ദ്രാവതി സംസാരിക്കുന്നത്. ബനിയാ ചാപ്പർ ഗ്രാമത്തിൽ താമസിക്കുന്ന ഈ 45 വയസ്സുകാരി ഉണങ്ങിയ മുഞ്ഞപ്പുല്ലുകൊണ്ട് ദൗരി എന്ന കൊട്ട നെയ്യുന്നതിൽ വിദഗ്ധയാണ്. കൈപ്പണിയിൽ തീർക്കുന്ന ഈ കൊട്ടകൾ നവവധുക്കൾക്ക് വിവാഹസമ്മാനമായി നൽകുന്നത് പതിവാണ്; ഈ പ്രദേശത്ത് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും അവ ഉപയോഗിക്കാറുണ്ട്. കർഷകയായ ചന്ദ്രാവതി സ്വന്തമായുള്ള അര ബീഗ നിലത്തെ കൃഷിപ്പണികൾക്കിടെ ലഭിക്കുന്ന ഒഴിവുസമയത്താണ് കൊട്ട നെയ്യലിൽ ഏർപ്പെടുന്നത്.
ദൗരികൊണ്ട് പലതരത്തിലുള്ള ഉപയോഗമുണ്ട്. "ഞങ്ങൾക്ക് ധാന്യങ്ങളും മധുരപലഹാരങ്ങളും മാവും പച്ചക്കറിയുമെല്ലാം സൂക്ഷിച്ചുവെക്കാൻ അലമാരകളൊന്നുമില്ല. അതിനെല്ലാം ഞങ്ങൾ ദൗരികളാണ് ഉപയോഗിക്കുന്നത്," ചന്ദ്രാവതിയുടെ മകൾ, 18 വയസ്സുകാരി പുഷ്പ പറയുന്നു.
ബീഹാറിലെ ഗോപാൽഗഞ്ജ് ജില്ലയിലുള്ള ഇവരുടെ വീട്ടിൽ, ഉണങ്ങിയ മുഞ്ഞപ്പുല്ലിന്റെ കെട്ടുകൾ ചുവരിനോട് ചേർന്ന് അടുക്കിവെച്ചിട്ടുണ്ട്. ഡിസംബർ മാസത്തിൽ പാകതയെത്തുന്ന ഈ പുല്ലുകൾ ശേഖരിച്ച് വേനൽമാസങ്ങളിൽ ഉണക്കിയെടുക്കുകയാണ് പതിവ്.














