ഏറെ കാലപ്പഴക്കമുള്ള, തടിയിൽ തീർത്ത ഒരു ജീനി, തടികൊണ്ടുള്ള തറി, തടിയിൽ തീർത്ത ഒരു പോളോ മാലറ്റ്, പുല്ലു മെടഞ്ഞുണ്ടാക്കിയ ചെരുപ്പുകൾ, പഴയ വെള്ളിയാഭരണങ്ങൾ, പഴക്കത്താൽ ദ്രവിക്കാറായ, ഷിനാ കവിതകൾ രേഖപ്പെടുത്തിയിട്ടുള്ള താളിയോലകൾ, വിവാഹവേളകളിൽ സ്ത്രീകൾ ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന പരമ്പരാഗത ചീപ്പുകൾ - ബഷീർ അഹമ്മദ് ടെറൂ തന്റെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന, നിത്യജീവിതവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളിൽ ചിലതാണ് ഇവ.
പ്രധാനമായും ഗുരേസ്, ദ്രാസ് പ്രദേശങ്ങളിൽ താമസമാക്കിയിട്ടുള്ള ദാർദ്-ഷിൻ ഗോത്രവിഭാഗത്തിലെ അംഗമാണ് ബഷീർ. കഴിഞ്ഞ അഞ്ച് വർഷമായി, ഗുരേസ് താഴ്വരയിലുടനീളമുള്ള ആളുകൾ തങ്ങളുടെ വിലപ്പെട്ട കുടുംബസ്വത്തുക്കളും പഴക്കമുള്ള നിത്യോപയോഗ വസ്തുക്കളും ദാവർ എന്ന സ്ഥലത്ത് ബഷീർ സ്ഥാപിച്ച്, പരിപാലിക്കുന്ന ദാർദ്ഷിൻ മ്യൂസിയത്തിലേക്ക് കൈമാറുന്നു.
"വീട്ടാവശ്യത്തിനുപകരിക്കാത്ത പുരാവസ്തുക്കൾ ആളുകൾ വലിച്ചെറിയുന്നതും പഴയ തുണികൾ കത്തിക്കുന്നതും ഇന്നത്തെ കാലത്ത് ഉപയോഗമില്ലാത്ത കാർഷികോപകരണങ്ങൾ ഉപേക്ഷിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്," അദ്ദേഹം ഓർത്തെടുക്കുന്നു. അതിനാൽ, പഴയതെന്ന് കരുതി ഉപേക്ഷിക്കുന്നതും വലിച്ചെറിയുന്നതും കത്തിച്ചുകളയുകപോലും ചെയ്തിരുന്നതുമായ പഴയ പല സാധനങ്ങളും ഇന്ന് അദ്ദേഹം തന്റെ മ്യൂസിയത്തിൽ ഏറെ കരുതലോടെ സംരക്ഷിക്കുന്നു.
സംസ്ഥാന സർക്കാരിന് കീഴിലെ ആരോഗ്യവകുപ്പിലെ ജീവനക്കാരനാണ് ബഷീർ. തന്റെ സമുദായത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന മ്യൂസിയം സ്ഥാപിക്കുന്നതിൽ തന്റെ ജോലിയും ഏറെ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആളുകൾ തന്നെ വിശ്വാസത്തിലെടുത്തതിനാൽ, മ്യൂസിയം സ്ഥാപിക്കുന്നത് എളുപ്പമായെന്ന് ഈ 44 വയസ്സുകാരൻ പറയുന്നു. വർഷത്തിൽ ആറ് മാസം കനത്ത മഞ്ഞുവീഴ്ച മൂലം കശ്മീരിലെ ഗുരേസ് താഴ്വരയിലെ ആളുകൾ മറ്റിടങ്ങളിൽനിന്ന് ഒറ്റപ്പെട്ടുപോകാറുണ്ട്. സംസ്ഥാന സർക്കാരിന് കീഴിലെ ആരോഗ്യസംവിധാനങ്ങൾ തീർത്തും അപര്യാപ്തമാകുന്ന അത്തരം സമയങ്ങളിൽ ബഷീറിനെപ്പോലുള്ള സാമൂഹികാരോഗ്യപ്രവർത്തകരുടെ സേവനം ഏറെ നിർണ്ണായകമാണ്; ജനങ്ങൾ അദ്ദേഹത്തിൽ പൂർണ്ണവിശ്വാസം അർപ്പിക്കുന്നു.


















