“ശീൽ കട്ടാ-ഓ-ഓ!”
വടക്ക് സോണാർപൂരിനടുത്തുള്ള ഗോരെയാ എന്ന പ്രദേശത്ത് ലാൽബാബു മഹതോയുടെ മൂർച്ചയേറിയ, ഉയർന്ന സ്വരം മുഴങ്ങുന്നു. ഉച്ച കഴിഞ്ഞ് പന്ത്രണ്ടരയോടടുത്താണ് സമയം. അദ്ദേഹത്തിന്റെ ശബ്ദം ഒഴിച്ചാൽ കൊൽക്കത്തയിലെ ഈ ഭാഗത്ത് സമീപത്തെ മാർക്കറ്റിൽനിന്നുള്ള ചർച്ചകളുടെ ചെറുശബ്ദങ്ങൾ മാത്രമാണ് കേൾക്കാനാവുക.
“ശീൽ കട്ടാ-ഓ-ഓ!” എന്ന് വീണ്ടും വിളിച്ചുകൊണ്ട്, ആരെങ്കിലും ശീൽ - നോറ കൊത്താൻ കൊടുക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം വേഗത്തിൽ വഴിയിലൂടെ നടക്കുന്നു. ശീൽ, അഥവാ ഗ്രാനൈറ്റ് അരക്കല്ലിലും കൈയിൽ പിടിക്കുന്ന നോറ എന്ന ഉപകരണത്തിലും കൊത്തുപണി ചെയ്ത് രൂപങ്ങളുണ്ടാക്കുന്ന പരമ്പരാഗത തൊഴിലിനെയാണ് ബംഗാളിയിൽ ‘ശീൽ കട്ടാവോ’ എന്ന് വിളിക്കുന്നത്. സിൽ ബട്ടയുടെയോ തമിഴിലെ ‘അമ്മിക്കല്ലി’ൻ്റേയോ വകഭേദമായ ശീൽ-നോറ, മസാലകൾ നന്നായി അരച്ച് മൃദുവായ, സുഗന്ധമുള്ള പേസ്റ്റാക്കാനാണ് ഉപയോഗിക്കുന്നത്; ഇന്ത്യൻ ഭക്ഷണപാചകത്തിന്റെ ഏറ്റവും കാതലായ ചേരുവതന്നെയാണത്. സ്ഥിരമായ സമ്മർദ്ദം ചെലുത്തിക്കൊണ്ട് നോറ ഉപയോഗിച്ച് ശീലിന്മേൽ ഉരയ്ക്കുമ്പോഴാണ് മസാലകളുടെ യഥാർത്ഥ രുചി പുറത്തുവരുന്നതെന്ന് പാചകക്കാർ വിശ്വസിക്കുന്നു.
“മസാല കൂടുതൽ നേരിയതായി അരയ്ക്കുക എന്നതുതന്നെയാണ് ഇതിന്റെ പ്രധാന ജോലി. എത്ര ആധുനികമായ മിക്സർ ഉപയോഗിച്ചാലും ഈ ഗുണമേന്മ കിട്ടില്ല,” ലാൽബാബുവിന്റെ ഉറച്ച വാക്കുകൾ.
“ഇപ്പോൾ ഈ തൊഴിലിലേക്ക് വരുന്ന പുതിയ ആളുകൾ വളരെ കുറവാണ്. ഞങ്ങളാണ് അവസാനത്തെ തലമുറ,” ബിഹാറിലെ സിവാൻ ജില്ലയിൽനിന്ന് കുടിയേറിയ ലാൽബാബു പറയുന്നു. “പത്ത് വർഷംമുൻപ് ഞാൻ ഇവിടെ വന്നപ്പോഴും കിദ്ദിർപൂരിൽ മാത്രം 250 പേരുണ്ടായിരുന്നു. ഇപ്പോൾ പലർക്കും പ്രായമായി; ഇത്രയും കഠിനമായ തൊഴിൽ ഇനിയും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്.”












