“കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവർക്ക് ക്യാൻസർ കണ്ടെത്തിയിരുന്നു. ചിലപ്പോൾ മാസത്തിൽ ഒന്നിലധികം തവണം, 120 കിലോമീറ്റർ അകലെയുള്ള അസമിലെ സിൽചാറിലേക്ക് അവരെ കൊണ്ടുപോകേണ്ടതായിവന്നു. അതിനുവേണ്ടി കടം വാങ്ങേണ്ടിവന്നതിനാൽ ഇപ്പോൾ ഞാൻ കടക്കാരനായി. മരത്തിനായി ചില പ്ലാവുകൾ വിൽക്കേണ്ടിവന്നു. ഏറ്റവുമൊടുവിൽ അങ്ങിനെ ഒന്ന് വിറ്റിട്ട് എനിക്ക് 4,000 രൂപ കിട്ടി,” രതീഷ് പറയുന്നു.
ആശാരിപ്പണിയുണ്ടാവുമ്പോൾ ദിവസത്തിൽ 500 രൂപവെച്ച് കിട്ടും. മാസത്തിൽ കൂടിയാൽ 7,000 രൂപ. ചിലപ്പോൾ രണ്ടോ മൂന്നോ മാസം ജോലിയൊന്നും കിട്ടിയില്ലെന്നും വരാം. “അങ്ങിനെയാന് ഞാൻ ഈ ഉപകരണം വിൽക്കാൻ ധർമനഗറിൽ പോയിത്തുടങ്ങിയത്. അതാണ് ഞങ്ങളുടെ ഏകവരുമാനം. നീക്കിയിരുപ്പൊന്നും എനിക്കില്ല. മൂത്ത മകൻ പട്ടണത്തിലെ ഒരു ആഭരണക്കടയിൽ ജോലി ചെയ്യുന്നു. അവന് കഴിയുന്നതുപോലെ സഹായിക്കുന്നുണ്ട്,” രതീഷ് പറയുന്നു. മൂന്ന് ആണ്മക്കളും ഒരു പെൺകുട്ടിയുമുണ്ട് ആ ദമ്പതികൾക്ക്. ജ്യോത്സനയെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റും മക്കൾ സഹായിക്കും. 17 വയസ്സുള്ള ഇളയ മകൾ റിമിത ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്.
സംഗീതം മാത്രമാണ് ആ കലാകാരൻ്റെ ഒരേയൊരു ആശ്വാസം. “ഒരു പാട്ടോ ഈണമോ തിരഞ്ഞെടുത്ത് സ്വന്തമായി പാടും. ആരും എന്നെ പഠിപ്പിച്ചിട്ടില്ല. ദോതാര വായിക്കുമ്പോൾ ഞാൻ സമയത്തെക്കുറിച്ച് മറക്കും. ഇതിൽനിന്ന് പണമുണ്ടാക്കാമെന്ന് ഒരിക്കൽപ്പോലും ഞാൻ കരുതിയിട്ടില്ല. അഞ്ചുവർഷം മുമ്പ്, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങിയപ്പോഴാണ് ഒരാൾ ഇത് സൂചിപ്പിച്ചത്,” അദ്ദേഹം തുടർന്നു. ഇതുവരെയായി 13 എണ്ണം വിറ്റിട്ടുണ്ട്. ഒന്നിന് 5,000 രൂപവെച്ച് കിട്ടും. “അതുണ്ടാക്കാനുള്ള ചിലവുതന്നെ 2,000 രൂപയാവും. എന്നാലും, ഏറ്റവും ആദ്യം ഉണ്ടാക്കിയ ദോതാര ഞാൻ വിറ്റില്ല. അതിനോട് വല്ലാത്തൊരു ബന്ധമാണ്.” അത് പറയുമ്പോൾ അയാളുടെ മുഖത്ത് പ്രകാശം.
ഇപ്പോൾ ദോതാര വാങ്ങാൻ ആളുകളെ കിട്ടുന്നുണ്ട്. “ഞാൻ സംഗീതത്തെ സ്നേഹിക്കുന്ന ഒരാളാണ്. രതീഷാകട്ടെ, നല്ലൊരു വായനക്കാരനും. അദ്ദേഹം അതുണ്ടാക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്കൊന്ന് ഉണ്ടാക്കിത്തരാൻ ഞാൻ ആവശ്യപ്പെട്ടു,” 45 വയസ്സുള്ള, ശാസ്ത്രാദ്ധ്യാപകനായ സുരേന്ദ്ര നാഥ് പറയുന്നു. രതീഷിൻ്റെ ആദ്യത്തെ ഉപഭോക്താവ് അദ്ദേഹമായിരുന്നു. കൂടുതൽ ഉപകരണങ്ങൾ ഉണ്ടാക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കാറുണ്ട്. നാട്ടിലെ ക്ലബ്ബുകളിൽ അവതരണം നടത്താനും അദ്ദേഹം ക്ഷണിക്കുക പതിവാണ്.