ഹൈദരബാദിന്റെ അരക്കുകൊണ്ടുള്ള വളകളുണ്ടാക്കുന്നത് എവിടെയാണെന്ന് പഴയ നഗരത്തിലെ ആരോടെങ്കിലും ചോദിച്ചുനോക്കൂ, അവർ നിങ്ങളെ നഗരത്തിൽ ലാഡ് ബസാറിലുള്ള (അരക്കിന്റെ ചന്ത) ഒസ്മാൻ കാ കരിഗാരിയിലേക്ക് നയിക്കും. ഈ പ്രശസ്തമായ കടയുടെ മുമ്പിൽ സൈൻബോർഡുകളൊന്നുമില്ല. അല്പം തുരുമ്പ് പിടിച്ച ഒരു ലോഹഷട്ടർ തുറക്കുന്നത്, മൂന്ന് ചുമരുകളുള്ള ഒരു മുറിയിലേക്കാണ്. അവിടെയാണ് അരക്ക് കൈവേലക്കാരായ ഷെയ്ഖ് അഖീലും ഷെയ്ഖ് ഹജീലും ഇരിക്കുന്നത്. അവർക്കിടയിൽ ഒരു ഉയരം കുറഞ്ഞ ലോഹമേശയും കാണാം.
കഴിഞ്ഞ ഒരു ദശാബ്ദമായി ഈ സഹോദരന്മാർ കൈകൊണ്ട് വളകളുണ്ടാക്കുകയാണ്. ഒറ്റയ്ക്കൊറ്റയ്ക്ക്, ദിവസവും 500-ഓളം വളകളുണ്ടാക്കാൻ അവർക്ക് സാധിക്കും. നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള അരക്കിന്റെ വളകൾ ചുറ്റും ചിതറിക്കിടക്കുന്നുണ്ട്. “പിങ്കാണ് ഏറ്റവും പ്രചാരമുള്ള നിറം,” കടുത്ത പിങ്ക് നിറമുള്ള അരക്കിന്റെ കട്ടയെടുത്തുകൊണ്ട് അഖീൽ പറയുന്നു. പിങ്കിന് പുറമേ, കറുപ്പും, സ്വർണ്ണനിറവും, ഹരിതനീലവുമാണ് മറ്റ് ഇഷ്ടനിറങ്ങൾ. സ്ഫടികമണികൾ ഘടിപ്പിച്ച വളകൾ സുതാര്യമായ പെട്ടിയിൽ അടുക്കിവെച്ചിരിക്കുന്നു.
ചാർമിനാറിനടുത്തുള്ള ലാഡ് ബസാറിലെ ഇടുങ്ങിയ വഴിയിൽ സ്ഥിതിചെയ്യുന്ന കടയും പണിശാലയും ചേർന്ന ഈ സ്ഥാപനത്തിന് പഴയ മരത്തിന്റേയും പിച്ചളയുടേയും ഗന്ധമാണ്. അടുത്തുള്ള പള്ളിയിൽനിന്ന് ആസാൻ പ്രാർത്ഥനയ്ക്കുള്ള വാങ്ക് മുഴങ്ങി. പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളും സ്ഥലം വിട്ടു. അഖീലും ഹജീലും ജോലിയിലായിരുന്നു. മറ്റൊരു തൊഴിലും ചെയ്തിട്ടില്ലാത്ത, മുപ്പതുകളിലെത്തിയ ഈ സഹോദരന്മാർക്ക്, ശാന്തമായി തങ്ങളുടെ ജോലിയിൽ മുഴുകാനാണ് താത്പര്യം.
‘ഒസ്മാൻ’ എന്ന ഒരു ബന്ധുവിന്റെ പേരാണ് ഈ സ്ഥാപനത്തിനെന്ന് അവർ പാരിയോട് പറയുന്നു. “ഈ കട അയാളുടെ സ്വന്തമാണെങ്കിലും അയാൾ ഇവിടെ ജോലി ചെയ്യുന്നില്ല. ഞാനും എന്റെ സഹോദരനും മാത്രമേയുള്ളു,” അഖീൽ പറയുന്നു. തങ്ങൾ വാടകയൊന്നും കൊടുക്കുന്നില്ലെന്നും അയാൾ സൂചിപ്പിച്ചു.














