ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സീതാ സസാണെ ഭർത്താവിന്റെ മുഖത്തേയ്ക്ക് നോക്കി. ആ ഒരു ക്ഷണംകൊണ്ട് അവരുടെ ജീവിതം ഒരു ദു:സ്വപ്നം കണക്കെ ഭീതിദമായി.
സീതയുടെ കണ്മുന്നിൽവെച്ച് അവരുടെ ഭർത്താവ് കേശവിന്റെ മുഖം ഒരു വശത്തേയ്ക്ക് കോടി. അവർ ഭർത്താവിന് അരികിലേക്ക് ഓടിയെത്തുമ്പോഴേയ്ക്കും അദ്ദേഹം കിടന്ന കിടപ്പിൽ മൂത്രവിസർജനം നടത്തിയിരുന്നു.
"ഞാൻ അദ്ദേഹത്തിന്റെ പേര് ഉറക്കെ വിളിച്ചുനോക്കിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല," വർഷങ്ങൾക്ക് മുൻപ് നടന്ന ആ സംഭവം ഓർത്തെടുത്ത് സീത പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള അഹേർവാഹെഗാവ് ഗ്രാമത്തിൽ, സീതയുടെ ഒറ്റമുറി വീട്ടിലിരുന്ന് സംസാരിക്കുകയായിരുന്നു ഞങ്ങൾ.
അന്നത്തെ ദിവസം രാവിലെമുതൽ സീത-കേശവ് ദമ്പതിമാർ അവരുടെ രണ്ട് ആണ്മക്കൾക്കൊപ്പം കരിമ്പ് വെട്ടി ട്രാക്ടറിൽ നിറയ്ക്കുന്ന ജോലിയിലായിരുന്നു. അവർ ജോലി ചെയ്തിരുന്ന, പടിഞ്ഞാറൻ മഹാരാഷ്ട്രയിലുള്ള കരിമ്പ് പാടങ്ങളിൽനിന്ന് കോൽഹാപൂരിലുള്ള പഞ്ചസാര ഫാക്ടറിയിലേക്കാണ് കരിമ്പ് കൊണ്ടുപോയിരുന്നത്.
അതിരാവിലെമുതൽ സന്ധ്യവരെ നീളുന്ന നടുവൊടിക്കുന്ന ജോലിയ്ക്കിടെ ഉച്ചഭക്ഷണം കഴിക്കാനുള്ള അരമണിക്കൂർ സമയമാണ് അവർക്ക് അല്പമെങ്കിലും വിശ്രമം ലഭിച്ചിരുന്നത്. അന്നേരം, 45 വയസ്സുകാരിയായ സീത രാവിലെ അവരുടെ താത്കാലിക കുടിലിൽ ധൃതി പിടിച്ചുണ്ടാക്കിയ ഭക്ഷണം പൊതിയഴിച്ച്, പാടത്ത് ഒരു വിരി വിരിച്ച് വിളമ്പിവെക്കും. പതിവുപോലെ അന്നും, നാല് പ്ളേറ്റുകളിലായി ഭക്ഷണം വിളമ്പി, അതിൽ ആദ്യത്തേത് അവർ 55 വയസ്സുകാരനായ ഭർത്താവ് കേശവിന് നേരെ നീട്ടി. എന്തോ ചിന്തയിലാഴ്ന്നതുപോലെ ഇരുന്ന കേശവിന്റെ മുഖം ഒരുക്ഷണംകൊണ്ട് ഒരു വശത്തേയ്ക്ക് കോടി.
"ഞാൻ പരിഭ്രമിച്ച് അദ്ദേഹത്തെ അടുത്തുള്ള ഡിസ്പെൻസറിയിലേയ്ക്ക് കൊണ്ടുപോയി," 2023 ഒക്ടോബറിൽ നടന്ന ആ സംഭവം ഓർത്തെടുത്ത് സീത പറഞ്ഞു.
ഡിസ്പെൻസറിയിലെ ഡോക്ടർ പെട്ടെന്നുതന്നെ രോഗം കണ്ടുപിടിച്ചു: കേശവിന് പക്ഷാഘാതം സംഭവിച്ചിരുന്നു. അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു.
എന്നാൽ കേശവിനും കുടുംബത്തിനും അത്ര പെട്ടെന്ന് അവിടെനിന്ന് പോകാൻ കഴിയുമായിരുന്നില്ല. ദാരിദ്ര്യത്തിന്റെ ദുരിതം പേറുന്ന ഏതൊരു കുടിയേറ്റ തൊഴിലാളിയെയുംപോലെ അവരും തൊഴിലുടമയിൽനിന്ന് 1.5 ലക്ഷം രൂപ മുൻകൂർ വായ്പ എടുത്തിരുന്നു; ആറുമാസക്കാലത്തെ സീസണിൽ അവർ വെട്ടിയെടുക്കുന്ന കരിമ്പിന്റെ കിലോക്കണക്കിനുള്ള കൂലിയിലേക്ക് ഈ തുക ക്രമീകരിക്കാമെന്ന വ്യവസ്ഥയിലാണ് അവർ കടമെടുത്തിരുന്നത്.
"ഞങ്ങളെ ജോലിയ്ക്ക് നിയോഗിച്ച കോൺട്രാക്ടർ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ല," ദളിത് സമുദായാംഗമായ സീത പറഞ്ഞു. തങ്ങളോട് കരുണ കാണിക്കണമെന്ന് അവർ കോൺട്രാക്ടറുടെ അടുക്കൽ കെഞ്ചി അപേക്ഷിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. കരിമ്പിൻപാടത്ത് കെട്ടിയുയർത്തിയ താത്കാലിക കൂടാരത്തിൽ കേശവ് തളർന്ന് കിടക്കുമ്പോഴും സീതയും അവരുടെ രണ്ടു മക്കളും- 23-കാരനായ സൗരഭും 21 വയസ്സുകാരനായ സൂരജും - ജോലി തുടരാൻ നിർബന്ധിതരായി.












