വടക്കൻ കേരളത്തിലെ കോഴിക്കോട്ട് കാലവർഷം ആഞ്ഞടിക്കുകയാണ്. എന്നാൽ, ജില്ലാ കളക്ടറുടെ ഓഫീസിൻ്റെ പുറത്ത് ഉറങ്ങുന്ന മനുഷ്യനെ അതൊന്നും അലട്ടുന്നില്ല. അദ്ദേഹത്തിൻ്റെ തലയ്ക്ക് മുകളിലുള്ള തുണിക്കൂടാരം അത്ര വലിയ അഭയമൊന്നുമല്ല. പ്രതിഷേധിക്കുന്ന ആദിവാസി കുടുംബങ്ങളോടൊപ്പം തോളോടുതോൾ ഇരിക്കുന്നതായിട്ടാണ് പകൽസമയത്ത് അദ്ദേഹത്തെ കാണാൻ കഴിയുക. സംസ്ഥാനം വാഗ്ദാനം ചെയ്ത ഭൂമി ആവശ്യപ്പെട്ടുകൊണ്ട്, ഉദ്ദേശം 70 ദിവസങ്ങളായി, നിലമ്പൂരിലെ 60 ഗോത്രകുടുംബങ്ങൾ മലപ്പുറത്ത് അനിശ്ചിതകാല സമരം നടത്തിവരികയാണ്.
ഈ പോരാട്ടത്തിൻ്റെ ഒത്ത നടുക്ക്, അതിൻ്റെ കൺവീനറായി, നിത്യസാന്നിദ്ധ്യമായി, ധാർമ്മിക പിൻബലമായി, 86 വയസ്സായ അയിനൂർ വാസു, അഥവാ, ജനങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന ഗ്രോ വാസുവുണ്ട്. ദുർബ്ബലമായ ശരീരത്തിലും സൗമ്യമായ ശബ്ദത്തിലും നിശ്ചയദാർഢ്യത്തിൻ്റെ ബോധ്യം. നിശ്ശബ്ദതയിലേക്കും ആലസ്യത്തിലേക്കും മിക്ക മനുഷ്യരും പിന്മടങ്ങുന്ന ഈ പ്രായത്തിലും, വാസു തൻ്റെ ശക്തി മുഴുവൻ, ഭൂമി നഷ്ടപ്പെട്ടവർക്കുവേണ്ടി പോരാടാൻ ചിലവഴിക്കുകയാണ്. “സാങ്കേതികതയുടെ പേരിൽസർക്കാർ ഈ ഗോത്രകുടുംബങ്ങളെ വഞ്ചിക്കുകയാണ്,” ചുളിവുകൾക്ക് താഴെയുള്ള തിളങ്ങുന്ന കണ്ണുകളോടെ അദ്ദേഹം പറയുന്നു. “ഭൂമി അവരുടെ അവകാശമാണ്. ഔദാര്യമല്ല.”
2023-2024-ൽ സംയോജിത ഗോത്ര വികസനപദ്ധതിയുടെ (ഇൻ്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്പ്മെൻ്റ് പ്രൊജക്ട് – ഐ.ടി.ഡി.പി) മുമ്പിൽ നിലമ്പൂരിൽനിന്നുള്ള ഇതേ കുടുംബങ്ങൾ നടത്തിയ 314 ദിവസം നീണ്ടുനിന്ന നിരാഹാരസമരത്തിൻ്റെ തുടർച്ചയായിട്ടാണ് ഈ പ്രക്ഷോഭവും.
അന്ന് ആ പ്രതിഷേധം പിൻവലിച്ചത്, ആറുമാസത്തിനകം, ആ 60 കുടുംബങ്ങൾക്കും 50 സെൻ്റ് വീതം ഭൂമി നൽകാമെന്ന ജില്ലാ കളക്ടറുടെ രേഖാമൂലമായ ഉറപ്പിന്മേലായിരുന്നു. എന്നാൽ 15 മാസം കഴിഞ്ഞപ്പോഴേക്കും, സംസ്ഥാനത്തിൻ്റെ വാഗ്ദാനം ഒഴിവുകഴിവായി രൂപം മാറി. അതോടെ, ആ കുടുംബങ്ങൾ വീണ്ടും തെരുവിലേക്കിറങ്ങിയിരിക്കുകയാണ് പ്രതിഷേധം തുടരാൻ. അപകടകാരിയായ നക്സലൈറ്റ് എന്ന് ഒരിക്കൽ മുദ്രകുത്തപ്പെട്ട ഗ്രോ വാസുവാകട്ടെ, രാത്രി മുഴുവൻ ചിലവിടുന്നത്, സത്യാഗ്രഹപ്പന്തലിൻ്റെ പരുക്കൻ നിലത്താണ്.
സംസ്ഥാനവുമായി ഈയടുത്ത കാലത്ത് നടത്തുന്ന അദ്ദേഹത്തിൻ്റെ ആദ്യത്തെ സംഘട്ടനമല്ല ഇത്. 2023-ൽ, കോഴിക്കോട് ജില്ലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചതിൻ്റെ പേരിൽ രണ്ട് മാസം ജയിലിലായിരുന്നു അദ്ദേഹം. മാവോയിസ്റ്റുകളായ കൊപ്പം ദേവരാജൻ, അജിത എന്നിവരെ നിലമ്പൂർ വനത്തിൽവെച്ച്, വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്ന ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്, കോഴിക്കോട് മെഡിക്കൽ കൊളേജ് മോർച്ചറിക്ക് മുന്നിൽ 2016 നവമ്പറിന് പ്രതിഷേധിച്ച കേസിലായിരുന്നു അന്നത്തെ ആ അറസ്റ്റ്.
അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ജാമ്യം അപേക്ഷിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പതിവുപോലെ, ജയിലിനൊന്നും അദ്ദേഹത്തെ തകർക്കാനായില്ല. കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അദ്ദേഹത്തെ വിട്ടയച്ചത്, സംസ്ഥാനത്തിൻ്റെ പൊലീസ് അക്രമത്തോടുള്ള അദ്ദേഹത്തിൻ്റെ വിമർശനങ്ങൾക്ക് മൂർച്ച നൽകിയതേയുള്ളു.








