പുലിറ്റ്സർ സെൻ്ററിൻ്റെ പിന്തുണയോടെയുള്ള പരമ്പരയുടെ ഭാഗമായി പാർത്ഥ് എം.എൻ. തയ്യാറാക്കിയ റിപ്പോർട്ട്
കടത്തിൽ അടിമുടി മുങ്ങിയിട്ടും 2025 മേയ് മാസത്തിൽ, മൊഹട്ടെ ഗ്രാമത്തിന് മുഴുവൻ വിരുന്ന് നൽകാൻ കേരു ദഹിഫാലെക്ക് മടിയുണ്ടായില്ല. തകരത്തിൻ്റെ മേൽക്കൂരയുള്ള അദ്ദേഹത്തിൻ്റെ വീടിൻ്റെ മുമ്പിലുള്ള ഒരേക്കർ പാടത്ത്, വിശാലമായ സദ്യ കഴിക്കാൻ തടിച്ചുകൂടിയത് ഏകദേശം 3,000 ആളുകളാണ്. സസ്യവിഭവങ്ങൾകൊണ്ടുള്ള സദ്യ.
ചിലവ്: 1.5 ലക്ഷം രൂപ.
70 വയസ്സുള്ള ദഹിഫാലെയുടെ പക്കൽ അതിനുള്ള പണമൊന്നുമില്ല. അതുകൊണ്ട്, മാസം 3 ശതമാനം പലിശയ്ക്ക്, അഥവാ, വർഷത്തിൽ 36 ശതമാനം പലിശയ്ക്ക് അയാൾ ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് പണം കടമെടുക്കുകയായിരുന്നു. നിരാാശ മാത്രം നൽകിയ ശീതകാല വിളവെടുപ്പിനുശേഷം അത് അയാളുടെ കഴുത്ത് ഞെരുക്കേണ്ടതായിരുന്നു. 35,000 രൂപ ചിലവിട്ട് നടത്തിയ ഉള്ളിക്കൃഷി അക്കൊല്ലത്തെ വരൾച്ചയിൽ പാടെ ഉണങ്ങി നശിച്ചുപോയി.
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വിഷമിച്ചിട്ടും, വിരുന്ന് നടത്താൻ ദഹിഫാലെക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. “അല്ലാത്തപക്ഷം ദേവി എന്നെ അനുഗ്രഹിക്കുകയോ എൻ്റെ ആഗ്രഹങ്ങൾ സഫലമാക്കുകയോ ചെയ്യില്ല,” അയാൾ പറയുന്നു.
അഹല്യാനഗർ (മുമ്പ് അഹമദ്നഗർ) ജില്ലയിലെ പാതർഡി താലൂക്കിലാണ് മൊഹട്ടെ ഗ്രാമം. 2009-നും 2013-നുമിടയിൽ 20 കോടി ചിലവാക്കി പുനരുദ്ധാരണം നടത്തിയ മൊഹട്ട ദേവി ക്ഷേത്രം എന്ന നാലുനില മന്ദിരത്തിൽനിന്ന് താഴേക്കിറങ്ങുന്ന റോഡിൻ്റെ വളവിലാണ് അദ്ദേഹത്തിൻ്റെ വീട്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദു തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ്, വർഷത്തിൽ 25 ലക്ഷം ആളുകൾ സന്ദർശിക്കുന്ന ആ ക്ഷേത്രം.













