ദാനാമതി മാജിയ്ക്ക് ലഭിയ്ക്കുന്ന പെൻഷൻ തുകയുടെ ഏകദേശം പകുതിയോളം അവർ ചിലവിടുന്നത് ശർക്കരയും പുകയിലയും മുഖ്യ ചേരുവകളായിട്ടുള്ള ഒരു ടൂത്ത്പേസ്റ്റ് വാങ്ങിക്കാനാണ്.
"പെൻഷനായി കിട്ടുന്ന 1,000 രൂപയിൽനിന്ന് 500 രൂപ ഞാൻ എന്റെ സഹോദരന്റെ മരുമകൾക്ക് കൊടുക്കും; അവളാണ് എനിക്ക് ഭക്ഷണം പാകം ചെയ്തുതരുന്നത്," അവർ പറഞ്ഞു. "ബാക്കിയുള്ള പണം ഉപയോഗിച്ച് ഞാൻ ഉപ്പ്, മുളക്, സോപ്പ്, എണ്ണ, ഗുഡാക്കു തുടങ്ങിയ സാധനങ്ങൾ വാങ്ങിക്കും.".
ആകെ ശേഷിക്കുന്ന രണ്ടു പല്ലുകൾക്കുവേണ്ടി ഇത്രയും വില കൂടിയ ടൂത്ത്പേസ്റ്റ് വാങ്ങുന്നത് അധികചിലവാണെന്ന് പറഞ്ഞ് ഈ ലേഖകൻ കളിയാക്കിയപ്പോൾ അവർ ഒരു ചെറുപുഞ്ചിരിയോടെ അത് സമ്മതിച്ചുതന്നു. "ആ പേസ്റ്റ് ഉപയോഗിച്ചില്ലെങ്കിൽ എനിക്ക് തൃപ്തിയാകില്ല. നിങ്ങൾ പുകയില ചവയ്ക്കുന്നത് പോലെയൊരു ലഹരിയാണത്."
ഓടിട്ട മേൽക്കൂരയും മണ്ണുകൊണ്ട് മെഴുകിയ നിലവുമുള്ള ഒരു ചെറിയ വീട്ടിലാണ് ദാനാമതി താമസിക്കുന്നത്. അധികം വീട്ടുപകരണങ്ങളൊന്നുമില്ലാത്ത ആ ഒറ്റമുറി വീട്ടിലേയ്ക്ക് പ്രവേശിക്കാൻ കുനിഞ്ഞ് കയറണം. റാഗി പൊടിക്കാനുള്ള ഉരൽ, ഒരു ടോർച്ച്, മണ്ണടുപ്പ്, തുണികൾ സൂക്ഷിക്കാനുള്ള, മുളയിൽ തീർത്ത ഒരു കൊട്ട എന്നിങ്ങനെ വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് വീടിനകത്തുള്ളത്. വാർദ്ധക്യത്തിലെത്തിയ ദാനാമതി വെറും നിലത്താണ് കിടന്നുറങ്ങുന്നത്.
ഞങ്ങൾ സംസാരം തുടങ്ങിയതിനൊപ്പംതന്നെ അവർ ഉരലിൽ റാഗി പൊടിക്കുന്ന ജോലിയിൽ വ്യാപൃതയായി; രാജ്യത്തിലെത്തന്നെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ, ഒഡിഷയിലെ കാലാഹന്ദിയിൽ ജനിച്ചുവളർന്നതിനെക്കുറിച്ച്, ക്ലേശകരമായ തന്റെ ബാല്യത്തെക്കുറിച്ച് അവർ സംസാരിച്ചുതുടങ്ങി.












