2026 മേയ് മാസത്തിലെ ഒരു ഞായറാഴ്ച, പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനയിലെ താക്കൂർബാഡിയിലുള്ള മൊത്തുവ സമുദായത്തിൻ്റെ ആത്മീയഗൃഹത്തിൽ ഒരു വലിയ ആൾക്കൂട്ടം ഒരുമിച്ചുകൂടി. എന്നാൽ അവരെത്തിയത് പ്രാർത്ഥിക്കാനായിരുന്നില്ല. തങ്ങളുടെ പൗരത്വം തെളിയിക്കാനാവുമെന്ന പ്രതീക്ഷയിൽ, വെയിലത്ത്, രേഖകൾക്കായി കാത്തുനിൽക്കുകയായിരുന്നു അവർ.
പേരുകൾ നീക്കം ചെയ്യപ്പെട്ട ആളുകൾ. സവിശേഷ തീവ്ര വോട്ടർപ്പൽപ്പെട്ടവരായിരുന്നു അവർ. 2026 ഏപ്രിലിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ അവർക്ക് വോട്ട് ചെയ്യാനായില്ല.
മൊത്തുവ സമുദായത്തിന് മുൻതൂക്കമുള്ള 15 അസംബ്ലി മണ്ഡലങ്ങളിൽനിന്ന് ധാരാളം ഹിന്ദു പേരുകൾ വെട്ടിമാറ്റപ്പെട്ടിരുന്നു.
താക്കൂർബാഡിയിലെ ആൾക്കൂട്ടത്തിൻ്റെ ഭാഗമായിരുന്നു ലളിത ധാലിയും ഭർത്താവ് കാർത്തികും. ഒരു ഹിന്ദു കാർഡ് കിട്ടാൻവേണ്ടി വന്നവരാണവർ. കബിലാഷ്പുരിൽനിന്നുള്ള ആ 43 വയസ്സുകാരി 30 കിലോമീറ്റർ സഞ്ചരിച്ച് ഒരു സ്കൂട്ടിയിലാണ് എത്തിയത്. അവരുടെ പേര് അവസാനത്തെ എസ്.ഐ.ആർ ലിസ്റ്റിലുണ്ടായിരുന്നില്ല. എന്നാൽ കാർത്തികിൻ്റെ പേരുണ്ടായിരുന്നു.
ലളിതയുടെ മുത്തച്ഛനും അച്ഛനും 1950-കളിലാണ് ഇന്ത്യയിലെത്തിയതെങ്കിലും 1984-ൽ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയി. ഏതാനും വർഷങ്ങൾക്കുശേഷം അവർ തിരിച്ച് വീണ്ടും ഇന്ത്യയിലെത്തി. “അവളുടെ അച്ഛൻ അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നു. ഏത് ഭാഗത്തുവെച്ചാണ് അവൾ ജനിച്ചതെന്ന് ആർക്കറിയാം,” കാർത്തിക് ചോദിക്കുന്നു.
19-ആം നൂറ്റാണ്ടിൽ ആരംഭിച്ച ഒരു ബ്രാഹ്മണവിരുദ്ധ വിഭാഗമാണ് മൊത്തുവകൾ. അവിഭക്ത ബംഗാളിൻ്റെ കിഴക്കൻ ഭാഗത്തുണ്ടായിരുന്ന ‘താഴ്ന്ന ജാതി’ക്കാരുടെ, പ്രത്യേകിച്ചും, നാമശൂദ്ര വിഭാഗത്തിൻ്റെ ഉന്നമനത്തിനായി ഹരിചന്ദ് താക്കൂർ നടത്തിയ ശ്രമങ്ങളിൽനിന്ന് ഉയർന്നുവന്നവരാണ് അവർ. പശ്ചിമ ബംഗാളിൽ നാമശൂദ്രരെ പട്ടികജാതി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവശതയനുഭവിക്കുന്ന ധാരാളം മൊത്തുവകൾ പശ്ചിമ ബംഗാളിലേക്ക് കുടിയേറി. അവർക്ക് രേഖകളുമുണ്ടായിരുന്നില്ല. “വിഭജനാനന്തരം, കിഴക്കൻ ബംഗ്ലാദേശിൽ / പാക്കിസ്താനിൽ മതത്തിൻ്റെ പേരിൽ വേട്ടയാടപ്പെട്ടവരാണ് അവരെന്ന് ആയൻ ഗുഹ ചൂണ്ടിക്കാട്ടുന്നു. യു.കെ.യിലെ യൂണിവേഴ്സിറ്റി ഓഫ് സസ്സെക്സിലെ ഫെല്ലോ ആയ ഗുഹ പശ്ചിമ ബംഗാളിലെ ജാതിയുടെ രാഷ്ട്രീയ ബലതന്ത്രത്തെക്കുറിച്ച് ധാരാളം പഠിച്ചിട്ടുണ്ട്.












