ഉയർന്ന ഫാഷൻ, വേഗത്തിലുള്ള ഫാഷൻ, സെക്സ്
ആഡംബര യാത്ര, കുറഞ്ഞ ചിലവിലെ യാത്ര, അവസാനിക്കാത്ത യാത്ര!
ഇന്റർനെറ്റ് തമാശകൾ, പ്രചാരംകിട്ടിയ നൃത്തച്ചുവടുകൾ, നർമ്മമുള്ളതും ചിലപ്പോൾ സർവ്വനാശം പ്രചരിപ്പിക്കുന്നതുമായ വരികൾ
ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഉള്ളടക്കങ്ങളാണിവയൊക്കെ. പാരിയിൽ ഞങ്ങൾ ഇതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. എന്നിട്ടും സാമൂഹ്യമാധ്യമത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ആകർഷിക്കാനും പിടിച്ചുനിർത്താനും ഞങ്ങൾക്ക് സാധിക്കുന്നു. എങ്ങിനെ? അധികമാരും ഉപയോഗിക്കാത്തതും എന്നാൽ വളരെ ലളിതവുമായ ഒരു വിദ്യയിലൂടെ. വസ്തുതാപരവും ശക്തവുമായ കഥപറച്ചിലിലൂടെ.
ഈ വർഷം അവസാനിക്കുമ്പോൾ, ഞങ്ങളുടെ ജോലിയോട് വിവിധ പ്രേക്ഷകർ എങ്ങിനെയൊക്കെ പ്രതികരിച്ചുവെന്ന് നിങ്ങളുമായി പങ്കുവെക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. (ഈ ചെറിയ വീഡിയോ ക്ലിപ്പ് കാണുക)
ബാംസ്വാഡയിലെ താത്ക്കാലിക ‘വനിതാ അദ്ധ്യക്ഷർ‘ എന്ന ഞങ്ങളുടെ പോസ്റ്റ് വായിച്ച് ലക്ഷക്കണക്കിനാളുകൾ അഭിനന്ദിക്കുകയുണ്ടായി. പുരുഷന്മാരുടെയും മുതിർന്നവരുടേയും സാന്നിധ്യത്തിൽ ഒരിക്കലും ഉയർന്ന കസേരകളിൽ ഇരുന്ന് ശീലിച്ചിട്ടില്ലാത്ത രാജസ്ഥാനിലെ സ്ത്രീകളെക്കുറിച്ച് നീലാഞ്ജന നന്ദി എഴുതിയ കഥയായിരുന്നു അത്. ഇൻസ്റ്റാഗ്രാമിലെ ആ റീൽ ഏഴുലക്ഷം ആളുകൾ കണ്ടു. ഇതേ അനുഭവം ഉണ്ടായിട്ടുള്ള സ്ത്രീകളിൽനിന്ന് നൂറുകണക്കിന് കമന്റുകൾ അതിന് ലഭിച്ചു. ചിലർക്ക് അത് വിശ്വസിക്കാനേ സാധിച്ചില്ല. മറ്റ് ചിലർ ഈ ചെറിയ മാറ്റത്തെ വലിയ രീതിയിലുള്ള ഒരു ചുവടുവെയ്പ്പായി കാണുകയും ചെയ്തു. മാലിക കുമാർ എന്ന വായനക്കാരിയുടെ കമന്റ് ഇതായിരുന്നു. “ഈ ചെറിയ കാര്യങ്ങൾ കാണാൻ സൂക്ഷ്മമായ കണ്ണുകൾ വേണം”. ദൈനംദിനാനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് ആ വാക്കുകൾ.








