ഏറ്റവുമടുത്ത സുഹൃത്തുക്കളോടുപോലും ജനാബായി സൊണവനെ ഇന്നുവരെ തർക്കിക്കുകയോ ബഹളംവെക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ ഈ വർഷം അതിന് വ്യത്യാസം വന്നു. “ചെറിയ കാര്യങ്ങൾപോലും എന്നെ അസ്വസ്ഥമാക്കാനും ഞാൻ എൻ്റെ കൂട്ടുകാരുമായി തല്ലുകൂടാനും തുടങ്ങി, ” മഹാരാഷ്ട്രയിലെ ഭദോലെ ഗ്രാമത്തിലെ തൻ്റെ ചെറിയ ഇരുമുറി വീടിൻ്റെ പുറത്തിരുന്ന് ആ 62 വയസ്സുകാരി പറയുന്നു.
സംസ്ഥാനത്തിലെ കോൽഹാപുർ ജില്ലയിൽ 2025-ലെ വേനൽക്കാലത്ത്, രാതികാല താപനില ഗണ്യമായി ഉയർന്നു. ജാനാബായിക്ക് ഉറങ്ങാനും സാധിക്കാതെവന്നു. അതിൻ്റെ അസ്വസ്ഥത ഒന്നുരണ്ട് ദിവസംകൊണ്ട് മാറുമെന്ന് അവർ കരുതി. എന്നാൽ മൂന്ന് മണിക്കൂർപോലു സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത ദിനങ്ങൾ ഉണ്ടായി. ആ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി നീണ്ടുപോയി. അതോടെ, എന്നും അസ്വസ്ഥതകളും ക്ഷീണവുമായി അവർക്ക്.
മറ്റുള്ളവരുടെ പാടത്ത് എല്ലുമുറിയെ എട്ടുമണിക്കൂർ കായികാദ്ധ്വാനം ചെയ്യുന്ന ഭൂരഹിത കർഷകയാണ് അവർ. കളകൾ പറിക്കുക, ഭാരമുള്ള കാലിത്തീറ്റകളുടെ കെട്ടുകൾ ചുമക്കുക, വിളകൾ കൊയ്യുക തുടങ്ങിയ ജോലികൾ. വൈകുന്നേരമാവുന്നതോടെ അവർ തളരും. ചുമലുകൾ വേദനിക്കും, കാലുകൾക്ക് ഘനം തോന്നും. സാധാരണ നിലയിൽ രാത്രി 10 മണിയോടെ അവർ കിടക്കാൻ തയ്യാറാവും. വീടിൻ്റെ അകത്തേക്കുള്ള വഴിയിൽത്തന്നെ കിടന്ന്, വേഗത്തിൽ ഉറങ്ങാറുമുണ്ട്.
എന്നാൽ, അഗാധവും ശാന്തവുമായ ഉറക്കം കിട്ടിയിരുന്ന ആ രാത്രികൾ ഇപ്പോൾ ഒരു വിദൂരസ്മൃതി മാതം. മേഖലയിൽ ഈയിടയായി ഉണ്ടാവുന്ന ഉയർന്ന താപനിലയിലും ഈർപ്പത്തിലും രാത്രി മുഴുവൻ അവർ വിയർത്തൊലിക്കും. തിരിഞ്ഞും മറിഞ്ഞും, ഉറക്കംവരാതെ അവർ കിടക്കും.
ഉറക്കം മുറിഞ്ഞാൽ, വീണ്ടും ഉറങ്ങണെമെങ്കിൽ ഒരു മണിക്കൂറെങ്കിലും കഴിയണം.












