1989-ലാണെന്ന് തോന്നുന്നു. എനിക്കപ്പോൾ 8-9 വയസ്സ്. മുസ്ലിം സമുദായത്തിലെ, നാൽപ്പതിൻ്റെ മധ്യത്തിലെത്തിയ രണ്ട് സഹോദരിമാർ പൂമാലകൾ വിൽക്കാൻ വന്നിരുന്നു ഞങ്ങളുടെ കൊലകലുരു ഗ്രാമത്തി. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ. ഒരാൾ മെലിഞ്ഞ്, കുറിയതും മറ്റയാൾ ഉയരവും ആരോഗ്യവുമുള്ളയാളും. അവരുടെ പേരുകൾ എനിക്കോർമ്മയില്ല. ഞങ്ങൾ അവരെ പിന്നി (ചെറിയമ്മ) എന്നാണ് വിളിച്ചിരുന്നത്. അവർ എൻ്റെ അമ്മയെ അക്കയെന്നും (ജ്യേഷ്ഠത്തി). കുറച്ചുകാലം എൻ്റെ മുത്തച്ഛൻ അവരെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിനോടുണ്ടായിരുന്ന അവരുടെ അടുപ്പം അതുകൊണ്ടായിരിക്കണം.
അന്ന് ഞങ്ങൾക്ക് വേനൽക്കാലത്ത് മാത്രമേ മുല്ലപ്പൂ മാലകൾ കിട്ടിയിരുന്നുള്ളു. ബാക്കിയുള്ള കാലത്തൊക്കെ ജമന്തി, പിച്ചി, ജമന്തിയുടെ മറ്റ് വകഭേദങ്ങൾ എന്നിവകൊണ്ടുള്ള മാലകളാണ് ഉണ്ടാവുക. മങ്ങിത്തുടങ്ങിയ പഴയ സാരി ചുറ്റി, കൈകളിൽ തൂക്കിയ മുളങ്കൊട്ടകളിൽ നിറമുള്ള പൂമാലകൾ നിറച്ച് അവർ വരും. പൂക്കളുടെ പേരുകളും ഉറക്കെ വിളിച്ചുപറഞ്ഞ്. മല്ലേപുളു, ചെമന്തിപുളു, കഗ്ദലു, കരബന്ദുലു..
അക്കാലത്ത്, വേനലവധികളിൽ ചെറുപ്പക്കാരായ പെൺകുട്ടികൾ മനോഹരമായ മാലകൾ ചൂടി നടക്കുന്നത് നിറയെ കാണാമായിരുന്നു. അപൂർവ്വമായി കാണുന്ന രണ്ടിതളുകളുള്ള മൃദുവായ അറേബ്യൻ മുല്ലപ്പൂ പൂക്കുന്ന കാലത്ത്, ചെറിയമ്മമാർ എനിക്ക് മാത്രമായി അവ കൊണ്ടുവരും. മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ. താമരയിലയിലോ വാഴയിലയിലോ പൊതിഞ്ഞ്, രഹസ്യമായി.
ഇപ്പോൾ വർഷത്തിലെല്ലായ്പ്പോഴും ദൊന്തര മല്ലെകൾ ലഭിക്കും. എന്നാൽ, പെൺകുട്ടികൾക്ക് തലമുടിയിൽ പൂമാല ചൂടാൻ താത്പര്യമില്ല. പൂക്കൾ വിൽക്കുന്ന സ്ത്രീകളേയും ഇപ്പോൾ തെരുവുകളിൽ കാണാനില്ല.
ആപ്പുകളും, മൊബൈലിലെ അറിയിപ്പുകളും, വീട്ടുപടിക്കൽ എത്തിക്കുന്ന സേവനങ്ങളും ഇന്ന് നമുക്കുണ്ട്. എന്നാൽ, നമ്മെ പേരെടുത്ത് വിളിക്കുന്ന, തെരുവുകളിൽ നമ്മുടെ ഭാഷ നിലനിർത്തിയിരുന്ന ആ പഴയ ശബ്ദങ്ങൾ ഇന്നില്ല. ബവ്വകളും ചിന്നകളുമില്ല. സൗകര്യങ്ങൾ വർദ്ധിച്ചിരിക്കുന്നു. എന്നാൽ സമൂഹത്തിൻ്റെ കൂട്ടായ ഓർമ്മകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു