“വരൂ, വരൂ, ഇരിക്കൂ”, എനിക്കിരിക്കാൻ നിലത്ത് ആട്ടിൻതോലുകൊണ്ടുണ്ടാക്കിയ ഒരു വെളുത്ത പുതപ്പ് വിരിച്ചുകൊണ്ട്, 45 വയസ്സുള്ള നന്ദു പാൽ പറയുന്നു. ആടുമേയ്ക്കൽ സമുദായവും, സംസ്ഥാനത്ത് മറ്റ് പിന്നാക്കജാതിയെന്ന് അറിയപ്പെടുകയും ചെയ്യുന്ന ഗദേരി സമുദായത്തിലെ അംഗമാണ് അദ്ദേഹം. “വേനൽക്കാലത്ത് തണുപ്പും, തണുപ്പുകാലത്ത് ചൂടും, മഴയിൽനിന്ന് രക്ഷയും നൽകുന്നതാണ് ഇത്,” നന്ദു വിശദീകരിച്ചു.
ആ പുതപ്പിൻ്റെ പ്രായോഗിക ഗുണങ്ങൾ മാത്രം പറഞ്ഞാൽ മതിയാവില്ലെന്ന് തോന്നിയിട്ടാകും അദ്ദേഹം തുടർന്നു: “രാജാക്കന്മാരും ചക്രവർത്തിമാരും ആദരിച്ചിരുന്ന വസ്തുവാണ് ഇത്. വലിയ പുരോഹിതന്മാരൊക്കെ ഇതിലായിരുന്നു ഇരിക്കുക. ശുഭകരമെന്ന് വിശ്വസിച്ചിരുന്നതാണ് ഇത്. അതൊക്കെ പൊയ്പ്പോയി.”
ഈ ഷിവ്പുർ ഗ്രാമത്തിൽ, ഞങ്ങൾക്ക് ചുറ്റുമായി, നന്ദുവിൻ്റെ 650-ഓളം തനത് ചോട്ടാനാഗ്പുരി ഇനം ആടുകൾ മേയുന്നുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ അഞ്ച് തലമുറകൾ ഈ തൊഴിലിലാണ് ഏർപ്പെട്ടിരുന്നത്. ഗൗരവത്തോടെയാണ് ഈ ജോലി അദ്ദേഹം ഏറ്റെടുക്കുന്നതും. “ഒരു മിനിറ്റുപോലും അവയെ ഒറ്റയ്ക്കാക്കാൻ പറ്റില്ല,” ദതുൻ മരക്കഷണംകൊണ്ട് പല്ല് വൃത്തിയാക്കുമ്പോൾ അദ്ദേഹം പറയുന്നു. “കണ്ണ് തെറ്റിയാൽ, നായ്ക്കൾ ആടുകളെ ആക്രമിക്കും. അല്ലെങ്കിൽ ആടുകളെ വല്ലവരുടേയും പാടത്തേക്ക് പോകും.”


















