എല്ലുകൾ, കൊമ്പുകൾ എന്നിവകൊണ്ട് ബട്ടണുകൾ, ബീർ കോപ്പകൾ, ഗൃഹാലങ്കാര സാധനങ്ങൾ, അടുക്കളസാമഗ്രികൾ എന്നിവയുണ്ടാക്കുന്നതിൽ പേരുകേട്ട സരായ് തരിൻ എന്ന സംഭൽ നഗരത്തിനടുത്ത ഒരു സ്ഥലത്തെ മൊഹമ്മദ് ഇസ്ലാമിൻ്റെ വാടകയ്ക്കെടുത്ത ചെറിയ കടയിലേക്ക് സ്ഥിരമായി ആവശ്യക്കാർ ഒഴുകിയെത്താറുണ്ട്. മിഠായി അന്വേഷിച്ച് കുട്ടികളും, നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ മുതിർന്നവരും അക്കൂട്ടത്തിലുണ്ട്. അവരിൽ, പ്രായമായ ചില പുരുഷന്മാർ വരുന്നത്, നല്ല ചീർപ്പ് വാങ്ങാനാണ്. സീംഗ് കി കംഗി എന്ന് പേരുള്ള, പോത്തിൻ്റെ കൊമ്പുകൊണ്ടുണ്ടാക്കിയ ചീർപ്പുകൾ. ഇസ്ലാമിൻ്റെ കടയുടെ മുകളിലും കാണാം, സീംഗ് കി കംഗി എന്ന്, കൈകൊണ്ട് പെയിൻ്റ് ചെയ്തത്.
സരായ് തരിനിൽ, കൊമ്പുകൊണ്ട് ചീർപ്പുകളുണ്ടാക്കുന്ന അവസാനത്തെ ഏതാനും കരകൗശലവിദഗ്ദ്ധരിലൊരാളാണ് 60 വയസ്സുള്ള ഇസ്ലാം. അദ്ദേഹത്തിൻ്റെ ചിരകാല സുഹൃത്ത്, 70 വയസ്സുള്ള മഖ്സൂദ് ഖാനാണ് അതിൻ്റെ അവശേഷിച്ച വിതരണക്കാരിൽ ഒരാൾ.
“ഈ കല അറിയാമായിരുന്ന ചിലർ മരിച്ചുപോയപ്പോൾ, ഈ കലയേയും അവർ കൂടെ കൊണ്ടുപോയി. അതുകൊണ്ട് ഇനി ഇതിനെ പുനരുജ്ജീവിപ്പിക്കാൻ പറ്റില്ല,” ഹുക്കയിൽനിന്ന് ഒരു പുകയെടുത്തുകൊണ്ട് ഇസ്ലാം പറയുന്നു. “വേണമെങ്കിൽ നിങ്ങൾ സരായ് തരിനിൽ മുഴുവൻ അന്വേഷിച്ചുനോക്കൂ, കൊമ്പുകൊണ്ടുള്ള ചീർപ്പുണ്ടാക്കുന്നവരെ വേണമെങ്കിൽ, എല്ലാവരും എൻ്റെയടുത്തേക്കാണ് നിങ്ങളെ പറഞ്ഞുവിടുക.”
2022-ൽ ഇതിന് ഭൗമസൂചികാപദവി (ജ്യോഗ്രാഫിക് ഇൻഡിക്കേഷൻ - ജി.ഐ.) ലഭിച്ചു. ഏതെങ്കിലുമൊരു സ്ഥലവുമായി വിശേഷാൽ ബന്ധമുള്ള ഉത്പന്നങ്ങൾക്ക് കിട്ടുന്ന ഒരു ബൗദ്ധികസ്വത്ത് സംരക്ഷണമാണ് അത്. കരകൗശലവസ്തുക്കൾക്കുവേണ്ടി ഉത്തർ പ്രദേശ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു ജില്ല, ഒരു ഉത്പന്നം’ എന്ന പദ്ധതിയിൽ സംഭലിലെ ഈ കൊമ്പ് - എല്ല് കൈവേലയും ഉൾപ്പെടുത്തിയിട്ടുണ്ട്.
“ആർക്കൊക്കെ മുടിയുണ്ടോ, അവർക്കെല്ലാം ചീർപ്പ് വേണം,” നാട്ടിൽ നടപ്പുള്ള ഒരു ഫലിതം ഇസ്ലാം പങ്കുവെച്ചു. “ഒരുകാലത്ത്, ചീർപ്പുകൾ എല്ലായിടത്തുമുണ്ടായിരുന്നു – ഓരോ തെരുവിൻ്റെയും മൂലയ്ക്കലും കവലകളിലും.”
പ്രതിമാസം 2,000 രൂപയ്ക്കാണ് അദ്ദേഹം ഈ കട – ഇത് അദ്ദേഹത്തിൻ്റെ പണിശാലയുമാണ് – നടത്തുന്നത്. കടയുടമയുടേയും കൈവേലക്കാരൻ്റേയും ഭാഗം മാറിമാറി അദ്ദേഹം അഭിനയിക്കുന്നു. തൻ്റെ ജോലിക്കാവശ്യമായ ചില ഉപകരണങ്ങൾ അദ്ദേഹത്തിൻ്റെ മുമ്പിൽ പരന്നുകിടക്കുന്നുണ്ട്. ആരികൾ (ഈർച്ചവാൾ), റായ്ട്ട് (ഉളി), ഛില്ലി (സ്ക്രാപ്പർ), രെഗ്മാലിൻ്റെ കടലാസ്സുകൾ (ഉരകടലാസ്സുകൾ), പിന്നെ, ചീർപ്പിൻ്റെ സ്ഥാനത്തിനുള്ള ഒരു അഡ്ഡ (മരപ്പലക) എന്നിവ.




























