“എൻ്റെ അമ്മ ഒരിക്കൽ അദ്ദേഹത്തെ കണ്ടു.”
ആ ‘അദ്ദേഹം’ ആരാണെന്ന് ശാന്തിനികേതനിലെ എല്ലാവർക്കും അറിയാം.
രബീന്ദ്രനാഥ ടഗോറിൻ്റെ ഒരു ചെറിയ രൂപമുണ്ടാക്കുകയാണ് ബിപിൻ കർമാകറിൻ്റെ പരിചയസമ്പന്നമായ കൈകൾ. ആ വലിയ മനുഷ്യനെയാണ് ബിപിൻ “അദ്ദേഹം” എന്ന് ആദ്യം സൂചിപ്പിച്ചത്. “ഇവിടെ വരുന്നവർ നിശ്ചയമായും അദ്ദേഹത്തെ കൊണ്ടുപോകും. പ്രതിമയായിട്ടോ, പെയിൻ്റിംഗായിട്ടോ. പുരിയിൽ പോയാൽ ജഗന്നാഥൻ്റെ മാതൃക കൊണ്ടുപോകുന്നതുപോലെ,” 20-ആം നൂറ്റാണ്ടിലെ ആ വിശ്വസാഹിത്യകാരനെ ദൈവത്തോട് ഉപമിക്കുകയായിരുന്നു ആ കലാകാരൻ. ആ കവിയുടെ പേരിൻ്റെ അവസാനഭാഗത്തിൻ്റെ ബംഗ്ലാ ഭാഷയിലുള്ള ഉച്ചാരണത്തിൻ്റെ അർത്ഥവും, ‘ദൈവികം’ എന്നുതന്നെയാണെന്നതാണ് കൗതുകകരം.
പണ്ട് ഗ്രാമമായിരുന്ന ആ സ്ഥലത്ത് ടഗോർ തൻ്റെ ആശ്രമം സ്കൂളും സർവ്വകലാശാലയും (വിശ്വഭാരതി) സ്ഥാപിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. കൊൽക്കൊത്തയിൽനിന്ന് ഒരു ബീർഭൂം ജില്ലയിലെ തിരക്കുപിടിച്ച ഒരു പട്ടണമാണ് ഇന്ന് ശാന്തിനികേതൻ എന്ന വിനോദസഞ്ചാരകേന്ദ്രം.
ഇന്ന് ആ നൊബേൽ ജേതാവ് എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന രൂപമാണ്. കടകളുടെ പേരുകളിലും, ചുവർച്ചിത്രങ്ങളിലും, ചെറുരൂപങ്ങളിലും, വസ്ത്രങ്ങളിലും, സിനിമാ ഹാളുകളിലും നൂറായിരം സ്മരണികകളിലും എല്ലാം. ടഗോറുമായി ബന്ധമില്ലാത്ത എന്തെങ്കിലുമൊന്ന് ശാന്തിനികേതനത്തിൽ കണ്ടെത്തുക പ്രയാസമാണ്.

























