റേഷന്റെ വിതരണം മുതൽ, സംസ്ഥാന ഫണ്ടുകൾ എങ്ങിനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നതുവരെയുള്ള കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി, ഗുജ്ജാർ ഇടയനായ അബ്ദുൾ റഷീദ് ഷെയിക്ക് ആർ.ടി.ഐ. (റിക്വസ്റ്റ് ടു ഇൻഫർമേഷൻ - വിവരാവകാശത്തിനായുള്ള അപേക്ഷ) ഹരജികൾ അയച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും തന്റെ 50 ചെമ്മരിയാടുകളും 20 ആടുകളുമായി കശ്മീരിലെ ഹിമാലയപ്രദേശങ്ങളിലേക്ക് പോകേണ്ടിവരുന്ന 50 വയസ്സുള്ള ആ ഇടയൻ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഇരുപത്തിനാല് ഹരജികൾ അയച്ചുകഴിഞ്ഞു.
“പണ്ടൊക്കെ (ഉദ്യോഗസ്ഥരായ) ആളുകൾക്ക് പദ്ധതികളെക്കുറിച്ചും, ഞങ്ങൾക്ക് ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ല”, അദ്ദേഹം സൂചിപ്പിക്കുന്നു. ദൂധ്പത്രിയിലെ തന്റെ കോത്തയുടെ (മണ്ണും കല്ലും മരവുമുപയോഗിച്ച് നിർമ്മിച്ച പരമ്പരാഗത വീട്) മുമ്പിൽ നിൽക്കുകയായിരുന്നു അദ്ദേഹം. ബദ്ഗാം ജില്ലയിലെ ഖാൻസാഹിബ് ബ്ലോക്കിലെ മുജ്പത്രി ഗ്രാമത്തിൽനിന്ന് യാത്ര ചെയ്ത് ഈ വീട്ടിലാണ് എല്ലാ വേനലിലും അദ്ദേഹവും കുടുംബവും തങ്ങാറുള്ളത്.
“നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നതിൽ വലിയ പങ്കാണ് ആർ.ടി.ഐ. അപേക്ഷകൾ നിർവഹിക്കുന്നത്. ഉദ്യോഗസ്ഥന്മാരോട് എത് വിധത്തിൽ ഇടപെടണമെന്നതും ഇതിൽനിന്ന് നമുക്ക് പഠിക്കാൻ കഴിയും”, അബ്ദുൾ പറയുന്നു. ആദ്യമൊക്കെ ഉദ്യോഗസ്ഥന്മാർക്കും ആർ.ടി.ഐ. ആക്ടിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. “പദ്ധതികളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ അവർക്ക് അത്ഭുതമാണ് തോന്നുക”.
ഭരണപ്രക്രിയയെ വെല്ലുവിളിക്കുന്ന ഗ്രാമീണരെ ഉപദ്രവിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. ബ്ലോക്ക് ഉദ്യോഗസ്ഥന്മാരുമായി കൂട്ടുചേർന്ന് പൊലീസ്, വ്യാജ എഫ്.ഐ.ആറുകൾ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ) ജനങ്ങൾക്കെതിരേ ഫയൽ ചെയ്യാൻ ആരംഭിച്ചു. ആർ.ടി.ഐ. പ്രസ്ഥാനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന അബ്ദുളിനെപ്പോലെ പൌരബോധമുള്ള ആളുകളെ അവർ ലക്ഷ്യംവെക്കാൻ തുടങ്ങി.
“ഉദ്യോഗസ്ഥരാണ് അഴിമതിക്കാർ. അവരുടെ സ്വത്ത് നോക്കൂ”, തന്റെ വാദം ബലപ്പെടുത്താൻ അദ്ദേഹം സൂചിപ്പിക്കുന്നു. ആർ.ടി.ഐ.കൾ ഫയൽ ചെയ്യുന്നതിനുപുറമേ, ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പിനെക്കൊണ്ട് (എഫ്.സി.എസ്.സി.എ വകുപ്പ്) മുജ്പത്രിയിലെ 50-ഓളം ആളുകൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്യണമെന്ന ആവശ്യവും അബ്ദുൾ ഉയർത്തി.











