രാജാ റാണി ആട്ടം തിയറ്ററിൻ്റെ ജാതിബദ്ധമായ കലാരൂപത്തിൽ തൻ്റെ ഭാഗം അഭിനയിക്കാൻവേണ്ടി സ്കൂൾ പഠനം നിർത്താൻ നിർബന്ധിതനായ ആളാണ് പി. സെൻരായപെരുമാൾ. ജാതീയമായ അധിക്ഷേപങ്ങളും, ലൈംഗികാതിക്രമവും പാരമ്പര്യത്തിൻ്റെ ഭാരവും ചുമന്നുകൊണ്ട്, കുട്ടിക്കാലംതൊട്ട് സ്ത്രീകളുടെ വേഷം അഭിനയിക്കേണ്ടിവന്നവരാണ് അദ്ദേഹവും സഹോദരന്മാരും.
ഉപജീവനത്തിനായി രാത്രികളിൽ നൃത്തം ചെയ്യുമ്പോൾത്തന്നെ, സ്വയം വീണ്ടെടുക്കാനായി, 23-ആമത്തെ വയസ്സിൽ അദ്ദേഹം വിദ്യാഭ്യാസം നേടാനുള്ള ഒരു പരിശ്രമം നടത്തി. തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അദ്ദേഹം നേടുകയും ചെയ്തു. താൻ പരിശീലിക്കുന്ന നാടൻ പാരമ്പര്യത്തിൽ അദ്ദേഹത്തിന് പി.എച്ച്.ഡി ലഭിച്ചു. വാഗ്ദാനം ലഭിച്ച ഉപരിവിദ്യാഭ്യാസത്തിൽ പ്രതീക്ഷയർപ്പിച്ചുവെങ്കിലും അദ്ദേഹത്തിൻ്റെ കാര്യത്തിൽ, ആ വാഗ്ദാനത്തിന് അധികം ആയുസ്സുണ്ടായില്ല.


