“അവർ വോട്ട് ചോദിച്ച് വന്നാൽ ഞങ്ങൾ അവരോട് പറയും, ‘ആദ്യം ഞങ്ങൾക്ക് പെൻഷൻ തരൂ,” ലിതാതി മുർമു പറയുന്നു.
ജാർഘണ്ടിലെ ദുംക ജില്ലയിലെ കുസുംദി ഗ്രാമത്തിലെ ചേരിയായ ബുരുതോലയിലെ മൺവീടിന്റെ പുറത്തുള്ള ഒരു തിട്ടിലിരുന്ന് അവർ പാരിയോട് സംസാരിക്കുകയായിരുന്നു.
“ഇത്തവണ ഞങ്ങൾ വീടും, പെൻഷനും ചോദിക്കും,” അയൽക്കാരിയായ, അവരുടെ അടുത്തിരിക്കുന്ന ശർമ്മിള ഹേംബ്രാമും പറയുന്നു.
“ഇപ്പോൾ മാത്രമേ അവർ വരൂ,” രാഷ്ട്രീയ നേതാക്കന്മാരെ ഉദ്ദേശിച്ച് അവർ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടെ വരുമ്പോൾ അവർ ഗ്രാമത്തിലുള്ളവർക്ക് പൈസ കൊടുക്കുന്നത് പതിവാണ്. “അവർ 1,000 രൂപ തരും. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും 500 രൂപവീതം,” ശാർമ്മിള പറയുന്നു.
സർക്കാർ പദ്ധതികളും ഗുണഫലങ്ങളും അധികവും അവർക്ക് പ്രാപ്യമല്ലാത്തതിനാൽ ആ രണ്ട് സ്ത്രീകൾക്കും പൈസകൊണ്ട് ഗുണമുണ്ട്. ലിതാതിയുടെ ഭർത്താവ് 2022-ൽ പെട്ടെന്ന് മരിച്ചു. ശർമ്മിളയുടെ ഭർത്താവ് 2023-ൽ ഒരു മാസം അസുഖബാധിതനായി കിടന്നതിനുശേഷവും. ജോലിക്ക് പോവുമ്പോൾ, തങ്ങൾ പരസ്പരം തുണയാവാറുണ്ടെന്നും അത് വലിയൊരു ആശ്വാസമാണെന്നും അവർ സൂചിപ്പിച്ചു.
ഭർത്താക്കന്മാർ മരിച്ചപ്പോൾ ലിതാതിയും ശാർമ്മിളയും വിധവാ പെൻഷൻ പദ്ധതി ലഭിക്കാൻ ശ്രമം നടത്തി. സാർവജൻ പെൻഷൻ യോജന പദ്ധതിപ്രകാരം, 18 വയസ്സിന് മുകളിലുള്ള ഒരു വിധവയ്ക്ക്, മാസം 1,000 രൂപ പെൻഷൻ കിട്ടാൻ അർഹതയുണ്ട്. “ഞങ്ങൾ വളരെയധികം അപേക്ഷകളൊക്കെ പൂരിപ്പിച്ചു. ഗ്രാമമുഖ്യനെ ചെന്ന് കാണുകപോലും ചെയ്തു. എന്നിട്ടും ഒന്നും കിട്ടിയില്ല.”












