"ശരീരത്തിൽ ചായം തേയ്ക്കുക നല്ല ബുദ്ധിമുട്ടാണ്. രാത്രി മുഴുവൻ ഉണർന്നിരുന്നാണ് അത് ചെയ്യുന്നത്," ആദ്യമായി ശരീരത്തിൽ എണ്ണച്ചായം ഇടുന്ന ആയുഷ് നായക്ക് പറയുന്നു. "എന്റെ ശരീരം ഒന്നാകെ എരിഞ്ഞുപുകയുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് കഴിവതും വേഗത്തിൽ ഈ ചായം ഉണക്കിയെടുക്കണം," ആ 17 വയസ്സുകാരൻ പറയുന്നു.
കർണാടകയുടെ തീരപ്രദേശങ്ങളിൽ, ദസറ, ജന്മാഷ്ടമി എന്നീ ആഘോഷവേളകളിൽ അവതരിപ്പിക്കുന്ന നാടൻ നൃത്തരൂപമാണ് പിലി വേഷ (ഹുലി വേഷ ) എന്നും അറിയപ്പെടുന്നു). ഈ കലാപ്രകടനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി, ശരീരത്തിൽ തിളങ്ങുന്ന വർണ്ണങ്ങളിലുള്ള വരകൾ ചായമിടുന്ന, ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന നിരവധി യുവജനങ്ങളിൽ ഒരാളാണ് ആയുഷ്. ഉച്ചത്തിൽ മുഴങ്ങുന്ന വാദ്യഘോഷങ്ങൾക്കൊപ്പം പുലിയുടെ മുഖംമൂടിയണിഞ്ഞ്, പുലി മുരളുന്നതിന് സമാനമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചാണ് അവർ ഈ നൃത്തം അവതരിപ്പിക്കുന്നത്.
തീരദേശ കർണ്ണാടകയിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയായ തുളുവിൽ പിലി എന്നാൽ പുലി എന്നും വേഷ എന്നാൽ ചമയം എന്നുമാണർത്ഥം. "ഞങ്ങൾക്ക് ഈ നൃത്തരൂപം ആരുടേയും കീഴിൽ അഭ്യസിക്കേണ്ട കാര്യമില്ല. ഇത് ഞങ്ങളുടെ ആത്മാവിലുള്ളതാണ്,"കഴിഞ്ഞ 22 വർഷമായി പിലി വേഷ അവതരിപ്പിച്ച് വരുന്ന വീരേന്ദ്ര ഷെട്ടിഗാർ പറയുന്നു. "വാദ്യങ്ങളുടെ ശബ്ദവും അന്തരീക്ഷത്തിലെ ഊർജ്ജവും ചേരുമ്പോൾ നമ്മൾ താളത്തിനൊത്ത് നൃത്തം ചെയ്തുതുടങ്ങും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആമസോണിൽ ഡിസ്ട്രിബ്യൂട്ടറായി ജോലി ചെയ്യുന്ന ഈ 30 വയസ്സുകാരൻ തന്റെ ഗ്രാമത്തിൽനിന്നുള്ള യുവജനങ്ങൾക്ക് ഈ കലാരൂപം അവതരിപ്പിക്കാൻ വേണ്ട പ്രോത്സാഹനം നൽകാറുണ്ട്.
പുലികളെയും പുള്ളിപ്പുലികളെയും വേങ്ങപ്പുലികളെയും അനുസ്മരിപ്പിക്കുംവിധം ശരീരമാകെ മഞ്ഞയും തവിട്ടും നിറത്തിലുള്ള വരകൾ അക്രിലിക് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുകയാണ് നർത്തകർ ചെയ്യുന്നത്. നേരത്തെയെല്ലാം, കരിക്കട്ട, മണ്ണ്, വേരുകൾ, കുമിൾ എന്നിവ ഉപയോഗിച്ചാണ് പുലിനൃത്തക്കാരുടെ ശരീരത്തിൽ അണിയുന്ന തിളങ്ങുന്ന ചായങ്ങൾ ഉണ്ടാക്കിയിരുന്നത്.
കാലക്രമേണ, ഈ നൃത്തരൂപത്തിന്റെ അവതരണത്തിൽ പരമ്പരാഗത ചുവടുകൾക്ക് പകരം അഭ്യാസപ്രകടനങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മുൻപോട്ടും പുറകിലോട്ടും കറങ്ങിച്ചാടുക, തല കൊണ്ട് നാളികേരം ഉടയ്ക്കുക, തീ ഊതുക എന്നിങ്ങനെയുള്ള സാഹസികപ്രകടനങ്ങൾക്കാണ് ഇന്ന് പ്രാധാന്യം. ഇവ അവതരിപ്പിക്കാൻ കായികപരമായി ഒട്ടേറെ അധ്വാനിക്കേണ്ടതിനാൽ, ഈ പരമ്പരാഗത നൃത്തം അവതരിപ്പിക്കാനുള്ള ചുമതല മുതിർന്ന കലാകാരൻമാർ യുവജനങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.






























