"എന്റെ പേര് തുൾസിഭായി നാരൻഭായി. എന്നാൽ 'ബച്ചൻ എവിടെ' എന്ന് അന്വേഷിച്ചാലേ നിങ്ങൾക്ക് എന്നെ കണ്ടെത്താൻ കഴിയുകയുള്ളൂ. ആ പേരിലാണ് എന്നെ എല്ലാവരും അറിയുന്നത്," തന്നെ എന്തുകൊണ്ടാണ് ആളുകൾ സ്നേഹത്തോടെ ഒരു സിനിമാ സൂപ്പർതാരത്തിന്റെ പേര് വിളിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് തുൾസിഭായി പറയുന്നു.
60 വയസ്സുകാരനായ തുൾസിഭായി മകൻ തനുഭായിയുമൊത്ത് അഹമ്മദാബാദിലെ തുറന്ന ചേരിപ്രദേശമായ ഗുൽബായി ടേക്രയ്ക്ക് സമീപത്തുള്ള ഒരു നടപ്പാതയിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ, മകൻ തനുഭായിയുടെ ജനനത്തിന് ശേഷം അധികം താമസിയാതെ മരണപ്പെട്ടിരുന്നു. "എന്റെ മുത്തശ്ശിയാണ് എന്നെ വളർത്തി വലുതാക്കിയത്. നൂറു വയസ്സിലധികം പ്രായമുള്ള മുത്തശ്ശി ഇപ്പോഴും ജീവനോടെയുണ്ട്," മുപ്പതുകളിലെത്തിയ തനുഭായി ഞങ്ങളോട് പറഞ്ഞു.
ഈ അച്ഛനും മകനും രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുമണിവരെ മാലിന്യം പെറുക്കി, അത് മേംനഗറിലെ ഭംഗാർവാലകൾക്ക് വിൽക്കുകയാണ് പതിവ്. മാലിന്യം ശേഖരിക്കുന്നവർ, അത് കിലോക്കണക്കിൽ വിൽക്കാൻ വരുന്ന സ്ഥലമാണ് നഗരത്തിലെ മേംനഗർ എന്ന ഈ താലൂക്ക്.
ഈ ലേഖകൻ ഇരുവരെയും സന്ദർശിച്ച ദിവസം, അവർ ഉച്ചയ്ക്ക് രണ്ടുമണിമുതൽ ജോലി തുടങ്ങി ഏതാണ്ട് നാല് കിലോ പ്ലാസ്റ്റിക്ക് കുപ്പികളും ഒരു കിലോ കാർഡ്ബോർഡും ശേഖരിച്ചിരുന്നു. ഇത് ആക്രിക്കച്ചവടക്കാർക്ക് വിറ്റപ്പോൾ അവർക്ക് 110 രൂപ ലഭിച്ചു. "ഇത്തവണ വേനൽക്കാലത്ത് ചൂട് വല്ലാതെ കൂടുതലായിരുന്നു," തുൾസിഭായി പറഞ്ഞു. " ഇടയ്ക്കിടെ അസുഖം പിടിപ്പെടും. മാലിന്യത്തിൽനിന്ന് കിട്ടുന്ന കാർഡ്ബോർഡ് കഷ്ണങ്ങൾകൊണ്ട് വീശിയാണ് പകൽനേരത്തെ ചൂടിനെ ഞങ്ങൾ നേരിട്ടിരുന്നത്."






