വീടിന് പുറത്തുള്ള മാവിന്റെ ചുവട്ടിൽ സങ്കടപ്പെട്ട് ഇരിക്കുകയാണ് സാരു. മടിയിൽ അവളുടെ കൊച്ചു കുഞ്ഞ് ബഹളം വെക്കുന്നു. “ഏത് ദിവസവും എനിക്ക് ആർത്തവം വരാം. അപ്പോൾ കുർമാ ഘറിലേക്ക് പോകണം. ആർത്തവഗൃഹം എന്നാണ് കുർമാ ഘറിന്റെ അർത്ഥം. ആർത്തവനാളുകളിൽ 4-5 ദിവസം അവിടെയായിരിക്കും അവരുടെ താമസം.
ആസന്നമായ ദിവസങ്ങൾ സാരുവിനെ (യഥാർത്ഥ പേരല്ല) വല്ലാതെ അലട്ടുന്നുണ്ട്. “അതിനകത്ത് ശ്വാസം മുട്ടും. കുട്ടികളിൽനിന്ന് വിട്ടുനിൽക്കുന്നതുകൊണ്ട് എനിക്ക് ഉറക്കവും വരില്ല“, ഒമ്പത് മാസം പ്രായമായ മകനെ ശാന്തനാക്കാൻ ശ്രമിച്ചുകൊണ്ട് അവർ പറയുന്നു. സാരുവിന് ഒരു മകളുമുണ്ട്, കോമൾ (സാങ്കല്പിക പേരാണ്). മൂന്നരവയസ്സുള്ള ആ കുട്ടി ഒരു നഴ്സറി സ്കൂളിൽ പോവുന്നു. “അവളുടെ ആർത്തവചക്രവും ഒരിക്കൽ തുടങ്ങുകതന്നെ ചെയ്യും. അത് എന്നെ ഭയപ്പെടുത്തുന്നു”, മഡിയ സമുദായത്തിന്റെ പരമ്പരാഗത ആചാരം മകളും അനുസരിക്കേണ്ടിവരുമെന്നത് 30 വയസ്സുള്ള സാരുവിനെ ആശങ്കയിലാക്കുന്നുണ്ട്.
സാരുവിന്റെ ഗ്രാമത്തിൽ നാല് കുർമ ഘറുകളുണ്ട്. അതിലൊന്ന് അവളുടെ വീട്ടിൽനിന്ന് 100 മീറ്റർ അകലെയാണ്. ഗ്രാമത്തിൽ, മാസമുറയുള്ള കൌമാരക്കാരായ പെൺകുട്ടികളും സ്ത്രീകളുമായി 27 പേരുണ്ട്. അവരെല്ലാം ഉപയോഗിക്കുന്നത് ഈ നാല് കുർമാ ഘറുകളാണ്. “എന്റെ അമ്മയും അവരുടെ അമ്മയുമൊക്കെ ഈ സ്ഥലം ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ ഞാനും. കോമളിന് അത് അനുഭവിക്കേണ്ടിവരരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”.
ആർത്തവമുള്ള സ്ത്രീകളെ തൊട്ടുകൂടാത്തവരും അശുദ്ധകളുമായിട്ടാണ് മഡിഗ ആദിവാസി ഗോത്രസമൂഹം കാണുന്നത്. അതിനാൽ, ആർത്തവസമയത്ത് അവരെ അകറ്റിനിർത്തുന്നു. “13-ആമത്തെ വയസ്സുമുതൽ കുർമ ഘറിൽ പോകാൻ തുടങ്ങിയതാണ് ഞാൻ”, സാരു പറയുന്നു. ഇപ്പോൾ അവർ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കിഴക്കൻ ഭാഗത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു അന്ന് സാരു താമസിച്ചിരുന്നത്.
കഴിഞ്ഞ 18 വർഷങ്ങളിലായി, ജീവിതത്തിലെ 1,000 ദിവസങ്ങൾ - മാസത്തിൽ 5 ദിവസംവീതം – കിടക്കയോ, ഫാനോ, വൈദ്യുതിയോ, വെള്ളമോ, കക്കൂസോ ഇല്ലാത്ത ആ വീട്ടിൽ കഴിയേണ്ടിവന്നിട്ടുണ്ട് സാരുവിന്. “രാത്രി അതിനകത്ത് ഇരുട്ടാണ്. പേടിയാവും. ഇരുട്ട് എന്നെ വിഴുങ്ങുമോ എന്ന് ഞാൻ ഭയക്കും. വീട്ടിലേക്ക് ഓടിച്ചെന്ന് മക്കളെ കെട്ടിപ്പിടിക്കാൻ തോന്നും..എന്നാൽ എനിക്കത് ചെയ്യാൻ പാടില്ല.”


















