“കട്ടിൽ നെയ്ത്ത് എൻ്റെ രക്തത്തിലുള്ളതാണ്,” കയറ്റുകട്ടിൽ നിർമ്മാതാക്കളിലെ മൂന്നാം തലമുറക്കാരിയായ കൃഷ്ണാവതി ചിരിച്ചുകൊണ്ട് പറയുന്നു. “ഈ കരവിരുതിൽ താത്പര്യമുള്ള ആളെയാണ് ഞാൻ കല്യാണം കഴിച്ചതും!” 45 വയസ്സുള്ള ആ ഥാരു ഗോത്രക്കാരി ഞങ്ങളോട് പറയുന്നു.
മൂന്ന് പതിറ്റാണ്ടായി, കൃഷ്ണാവതിയും ഭർത്താവ് ചന്ദ്രപാൽ സിംഗ് റാണയും കയറ്റുകട്ടിലുകൾ ഉണ്ടാക്കുന്നു. മരത്തിനുപകരം കയറായിരിക്കും അടിയിൽ. മരത്തിൽനിന്നാണ് അവർ കട്ടിലിൻ്റെ കാലുകൾ വെട്ടി ആകൃതിവരുത്തുന്നത്. പിന്നീട് കയറുകൊണ്ട് അതിൻ്റെ അടിഭാഗം നെയ്യും.
വേനൽക്കാലത്ത്, ഊഷ്മാവ് വർദ്ധിക്കുമ്പോൾ, ആളുകൾ താത്പര്യപ്പെടുന്നത് കയറ്റുകട്ടിലുകളാണ്. അതിനാൽ മേയ് മുതൽ സെപ്റ്റംബർവരെ കരവേലക്കാർ അത് നിർമ്മിക്കും. കൃഷ്ണവതി ദിവസവും 350 രൂപ സമ്പാദിക്കുന്നുണ്ട്. ചന്ദ്രപാൽ കുറച്ചധികവും. വർഷത്തിൽ 120-150 ദിവസങ്ങൾ അവർക്ക് തൊഴിലുണ്ടാവും.















