“ഞങ്ങൾ ഞങ്ങളുടെ ആദിവാസി ഭക്ഷണമൊക്കെ മറന്നു,” യവത്മാലിലെ താമസക്കാരിയായ ചന്ദ ഘോഡാം പറയുന്നു.
ഗ്രാമീണ ഇന്ത്യയിലെ 75 ശതമാനത്തിലധികം സ്ത്രീകൾ കാർഷികമേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ വളരെക്കുറച്ചുപേർക്ക് മാത്രമേ ഭൂമിയോ, കന്നുകാലികളോ, ഭൂവിഭവങ്ങളിൽ ഉടമാവകാശമോ ഉള്ളൂ. ഭക്ഷ്യോത്പാദനത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും മുഖ്യപങ്ക് വഹിക്കുന്നത് സ്ത്രീകളാണെങ്കിലും, സ്വന്തം നിലയ്ക്ക് അവകാശങ്ങളുള്ള കർഷകരായി, സാമൂഹികഘടന ഇനിയും അവരെ അംഗീകരിച്ചിട്ടില്ല.
വരൾച്ചയ്ക്കും, കർഷക ആത്മഹത്യകൾക്കും വിധേയമായ മറാത്ത്വാഡയിലിലേയും വിദർഭയിലേയും പ്രദേശങ്ങളിൽ, ചന്ദയെപ്പോലുള്ള കർഷകസ്ത്രീകൾ, എല്ലാ പ്രതികൂലസാഹചര്യങ്ങളേയും നേരിട്ടുകൊണ്ട് കാർഷികമേഖലയിൽ ഒരു നിശ്ശബ്ദവിപ്ലവം നയിക്കുകയും, തങ്ങളുടെ പരമ്പരാഗത ഭക്ഷണരീതികളെ തിരിച്ചുപിടിക്കുകയും ചെയ്യുന്നു.
“നമ്മുടെ പാടത്ത് എന്തുവേണമെങ്കിലും വളർത്താനാവുമെന്ന് ഞാൻ മറ്റ് സ്ത്രീകളോട് പറയാറുണ്ട്,” ഒരു പുഞ്ചിരിയോടെ ചന്ദ പറയുന്നു.


