“അതാ ഒരു ഗോറൽ”, അരുൺചാൽ പ്രദേശിന്റെ പടിഞ്ഞാറൻ കാമെംഗ് ജില്ലയിലുള്ള സിംഗ്ചുംഗ് പട്ടണത്തിന്റെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ നിശ്ശബ്ദമായി വണ്ടിയോടിക്കുന്നതിനിടയിൽ ഡോ. സുമേഷ് ശ്രീനിവാസൻ ഉച്ചത്തിൽ ബഹളംവെച്ചു.
കുറച്ച് ദൂരെയായി, അധികം പൊക്കമില്ലാത്ത, ചാരനിറത്തിലുള്ള, ആടിനെപ്പോലെയുള്ള ഒരു മൃഗം റോഡിലൂടെ നടന്ന്, കുന്നിറങ്ങി, കിഴക്കൻ ഹിമാലയത്തിലെ കാടുകളിലേക്ക് പോവുന്നുണ്ടായിരുന്നു. “മുമ്പ് നിങ്ങൾക്കിതിനെ കാണാൻ സാധിക്കില്ലായിരുന്നു”, അത്ഭുതപരതന്ത്രനായ ആ വന്യജീവി ശാസ്ത്രജ്ഞൻ പറയുന്നു. കഴിഞ്ഞ 13 കൊല്ലമായി പടിഞ്ഞാറൻ കാമെംഗിലെ കാട്ടിൽ ജോലി ചെയ്യുന്ന ആളാണ് അദ്ദേഹം.
ഭൂട്ടാൻ, ചൈന, വടക്കേന്ത്യ, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിലെ ഹിമാലയപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരു മൃഗമാണ് ചാരനിറത്തിലുള്ള ഗോറൽ (നെമോഹെഡസ് ഗോറൽ (എന്നാൽ 2008-ഓടെ, പ്രകൃതിസംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻ (യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) അതിനെ ‘ഏകദേശ വംശനാശ’മടുത്ത ജീവിയായി പട്ടികപ്പെടുത്തി.
“അവ എപ്പോഴും കാടിന്റെ ഉൾഭാഗത്തായിരിക്കും. പുറത്തുവരാൻ പേടിച്ച്”, ഉമേഷ് പറയുന്നു. മനുഷ്യസാന്നിധ്യം കൂടുതലുള്ള താഴ്ന്ന ഹിമാലയൻ പ്രദേശങ്ങളിലും വടക്കുകിഴക്കേന്ത്യയിലും അവ കൂടുതൽ ഭീഷണിയിലാണ് ജീവിക്കുന്നത്.
ഗോറലിനെ കണ്ടതിനുശേഷം, നിമ സെറിംഗ് മോൺപ എന്ന് പേരുള്ള, സിംഗ്ചുംഗിൽ താമസിക്കുന്ന കർഷകൻ ഞങ്ങൾക്ക് ചായയും മറ്റ് ചില വിവരങ്ങളും പങ്കുവെച്ചു. “കുറച്ചാഴ്ചകൾക്ക് മുമ്പ് ഇവിടെനിന്ന് അധികം ദൂരത്തല്ലാതെ, കൃഷിയിടത്തിൽ ഞാനൊരു ചുവന്ന പാണ്ടയെ (ഐലൂറസ് ഫുൾഗെൻസ്) കണ്ടു”. വംശനാശമടുത്ത ചുവന്ന പാണ്ഡകൽ ചൈന, മ്യാന്മർ, ഭൂട്ടാൻ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് തലമുറകളായി അതിന്റെ എണ്ണം 50 ശതമാനം കുറഞ്ഞിരിക്കുന്നുവെന്നും അടുത്ത രണ്ട് പതിറ്റാണ്ടുകളിൽ ഇനിയും മോശമായേക്കുമെന്നും ഐ.യു.സി.എൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.






















