തൻ്റെ തലമുടി ഒതുക്കാൻ ശ്രമിക്കുമ്പോൾ, അംബിയ ഖാത്തൂൻ്റെ പിഞ്ഞിപ്പോയ വെളുത്ത സാരിയിലെ അഞ്ചലിലുള്ള പർപ്പിൾ നിറമുള്ള പൂക്കൾ നവംബറിൻ്റെ കാറ്റിൽ ആടിക്കളിക്കുന്നുണ്ടായിരുന്നു. വലതുകൈകൊണ്ട് തലയിലെ തട്ടം പാറിപ്പോകാതിരിക്കാൻ ശ്രമിക്കുമ്പോഴും കൂടിപ്പിണഞ്ഞ ചണനൂലുകൾ അവർ ചുരുട്ടുകയും ഇഴപിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചതുപ്പുനിലത്തിൻ്റെ അറ്റത്തുള്ള തൻ്റെ വീടിൻ്റെ സമീപത്തുകൂടെ നടന്നുപോകുന്ന പുരുഷന്മാരുടെ നോട്ടത്തെക്കുറിച്ച് അവർ ബോധവതിയായിരുന്നു. ബെകി നദിയുടെ തകർന്ന തീരങ്ങളിൽ, മഴക്കാലത്തെ വെള്ളപ്പൊക്കത്തിൽ, അത്രയധികം സ്വകാര്യത പ്രതീക്ഷിക്കാനാവില്ല.
വീടിൻ്റെ നിലത്തിരുന്നു അംബിയ, സികകൾ (സിഗ എന്നും പറയുന്നു) ഉണ്ടാക്കുകയായിരുന്നു. വീട്ടുസാധനങ്ങളും, വിത്തുകളും, തുണിയും, പായയും, കോസറിയും എല്ലാം തൂക്കിയിടാൻ പറ്റുന്ന, ചണകൊണ്ടുള്ള അലങ്കാരപ്പണികളുള്ള ഹാംഗറുകളാണ് സിക. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ, സാധനങ്ങൾ ഉണക്കാനിടാനും അത് ഉപയോഗിക്കുന്നു.
അതിരാവിലെ എഴുന്നേറ്റ്, വീട്ടുപണികളൊക്കെ തീർത്ത് പണിക്ക് ഇരുന്നതാണ് 71 വയസ്സുള്ള ആ പ്രായംചെന്ന കരകൗശലവിദഗ്ദ്ധ. പാട്ടകൊണ്ടും പുല്ലുകൊണ്ടും മേഞ്ഞ ഒറ്റമുറി വീടിൻ്റെ മുറ്റമാണ് അവരുടെ പണിസ്ഥലം. കുമ്പളങ്ങത്തോട്ടത്തിൻ്റെ തണലിലാണ് വീട്. വർണ്ണാഭമായ മുത്തുകൾ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങി.
















