"ഈ വാഹനത്തിന് മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽവരെ പോകാൻ കഴിയേണ്ടതാണ്, പക്ഷെ അത് 27 കിലോമീറ്ററിൽ കൂടുതൽ പോകില്ല."
എന്നാലും, തന്റെ വാഹനം വീണ്ടും പ്രവർത്തനക്ഷമമായതിന്റെ സന്തോഷത്തിലാണ് വസീം ഖുറേഷി. മോട്ടോർ ഘടിപ്പിച്ചിട്ടുള്ള ഈ മുച്ചക്രവാഹനത്തിലാണ് ഈ 34 വയസ്സുകാരൻ ജോലിയ്ക്ക് പോയിവരുന്നത്.
ബൈക്കിലേയ്ക്ക് കയറുന്നതിനിടെ, വാഹനത്തിന്റെ വയറിംഗിന് ഇപ്പോഴും ചെറിയ പ്രശ്നമുണ്ടെന്നും ബ്രേക്കിടുന്ന സമയത്ത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും വസീം എന്നോട് പറഞ്ഞു. മുച്ചക്രവാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചശേഷം, അദ്ദേഹം താഴേയ്ക്ക് കുനിഞ്ഞ് സീറ്റിനടിയിലെ ബാറ്ററിയും അതിന് പിന്നിലായുള്ള, സാധനങ്ങൾ വെക്കാനുള്ള ചെറിയ അറയും എനിക്ക് കാണിച്ചുതന്നു.
വസീം ബൈക്ക് സ്റ്റാർട്ട് ചെയ്ത് തന്റെ മൊബൈൽ റിപ്പയർ കടയിലേക്ക് പോകാൻ തയ്യാറായി. ഹരിയാനയിലെ മാണ്ഡിഖേഡയിലുള്ള അദ്ദേഹത്തിന്റെ ഗ്രാമത്തിൽനിന്ന് ഒരു കിലോമീറ്ററിനകത്ത്, ഡൽഹി-ആൽവാർ ദേശീയപാതയുടെ അരികിലായി ഒരു കൂട്ടം മരങ്ങളുടെ പുറകിലായാണ് വസീമിൻ്റെ ചെറിയ. വസീമിന്റെ അയൽപക്കത്തുള്ള കുട്ടികൾ അദ്ദേഹത്തിന്റെ വണ്ടിയ്ക്ക് പുറകെ ഓടുന്നതും മുച്ചക്രവാഹനത്തിന്റെ പുറകിലുള്ള ചെറിയ അറയിലേയ്ക്ക് പൊട്ടിച്ചിരിച്ചുകൊണ്ട് ചാടിക്കയറുന്നതും ഞാൻ നോക്കിനിന്നു. വികൃതികളായ കുട്ടികളോട് ദേഷ്യപ്പെടാതെ വസീമും കുട്ടികളുടെ ചിരിയിൽ പങ്കുചേർന്നു.












