പ്രകൃതിരമണീയമായ ചുറ്റുപാടുകളിലാണ് മിനട്ടി മാർദി താമസിക്കുന്നത്. വീടിനരികിലൂടെ അജോയ് നദി ഒഴുകുന്നു. ദൂരത്ത് പോയിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ചൂളത്തിനും അവൾക്കുമിടയിലുള്ളത് താമരക്കുളങ്ങൾ മാത്രമാണ്.
എന്നാൽ നട്ടെല്ലിനും കാലുകൾക്കും ക്ഷയം ബാധിച്ചതോടെ, ഇവയെല്ലാം ആ അഞ്ചുവയസ്സുകാരിക്ക് ദൂരെ നിന്ന് കാണാൻ മാത്രമേ സാധിക്കൂ. നടക്കാനോ, പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ തന്റെ മൊഹുള ഗ്രാമത്തിൽ ചുറ്റിക്കറങ്ങാനോ അവൾക്ക് സാധിക്കില്ല.
“അവളുടെ നട്ടെല്ല് വിരൂപമായി,” അമ്മമ്മ, ജൊബ മർദി ഓർമ്മിക്കുന്നു. “അവൾ അത്രമാത്രം ദുരിതമനുഭവിച്ചു. ജീവിച്ചിരിക്കുമെന്ന് ഞങ്ങൾ കരുതിയതല്ല.”
സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയിലെ പകുതിയോളവും സന്താൾ (സണ്ടാൾ എന്നും പറയുന്നു) സമുദായക്കാരാണ്. അവരിൽ ഭൂരിഭാഗവും ഗ്രാമത്തിൽ കഴിയുന്നവരും. നാട്ടുവൈദ്യന്മാരെ ആശ്രയിക്കുന്നവരുമാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളടക്കമുള്ള ആരോഗ്യപരിചരണ സംവിധാനങ്ങൾ ഇവിടെ തീരെ ശുഷ്കമാണ് (2021-22-ലെ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവരം).
കുഞ്ഞായിരുന്ന മിനട്ടിക്ക് ഗുരുതരമായ ശ്വാസോച്ഛ്വാസ പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബം അവളെ നാട്ടിലുള്ള ഒരു വൈദ്യന്റെയടുത്ത് കൊണ്ടുപോയി. അംഗീകൃത ചികിത്സകനാണോ അയാൾ എന്നൊന്നും അവർക്ക് അറിയില്ല. ബിർഭും ജില്ലയിലെ ഈ ഷ്യൂഡി-ഐ ബ്ലോക്ക് എന്ന ഉൾപ്രദേശത്ത്, അതൊന്നും അറിയാനുള്ള സൌകര്യവും അവർക്കുണ്ടായിരുന്നില്ല. യോഗ്യതയുള്ള ഡോക്ടർമാരുടെ സേവനം എവിടെ ലഭിക്കുമെന്ന് അവർക്കറിയില്ലായിരുന്നു എന്ന് ജൊബ പറയുന്നു.


