ചമ്പ വട്ടിയുടെ കുഞ്ഞിനെ ഒരു കുരങ്ങൻ തട്ടിക്കൊണ്ടുപോകേണ്ടതായിരുന്നു. രാജ്പുർ ഗ്രാമത്തിലെ കാട്ടിലേക്ക് അവർ പോയപ്പോഴാണ് അത് സംഭവിച്ചത്. നടക്കാൻ പോകുന്ന ആഴ്ചച്ചന്തയിൽ വിൽക്കാനുള്ള മഹുവയും സാൽ വിത്തുകളും കാട്ടിൽനിന്ന് പെറുക്കാൻ, കുട്ടിയെ ചുമലിൽ കെട്ടിവെച്ച് ആ യുവതി പോവുകയായിരുന്നു.
“അതിനിടയ്ക്ക് ഒരുനിമിഷം ഞാൻ അവനെ നിലത്തുവെച്ചു. അതിനിടയ്ക്കാണ് ഒരു കുരങ്ങൻ അവനെ തട്ടിയെടുക്കാൻ ശ്രമിച്ചത്,” അവർ ഓർമ്മിക്കുന്നു. അതിൽപ്പിന്നെ, കാട്ടിൽ പോവുമ്പോൾ എപ്പോഴും കുട്ടിയുടെ സുരക്ഷയോർത്ത് അവർക്ക് വേവലാതിയാണ്.
എന്നാലിന്ന് അവർക്ക് തൻ്റെ കുഞ്ഞിനെ കാട്ടിലേക്ക് കൂടെക്കൊണ്ടുപോകേണ്ട ആവശ്യമില്ല. ചെറിയ കുഞ്ഞുങ്ങളുടേയും കുട്ടികളുടേയും അമ്മമാർക്ക് അവരെ സമീപത്തുള്ള ശിശുകേന്ദ്രങ്ങളിലോ അങ്കണവാടികളിലോ ആക്കി, ജോലിക്ക് പോകാൻ സാധിക്കുന്നു. ഏഴുമാസം മുതൽ മൂന്ന് വയസ്സുവരെയുള്ള കുട്ടികളെ അവിടെ പരിപാലിക്കുന്നുണ്ട്.


















