അനിശ്ചിതത്വത്തോടെയും ദേഷ്യത്തോടെയുമാണ് നാംദേവ് ഭാംഗരെ ജന്വരി 25-ന് പ്രതിഷേധത്തിനിറങ്ങിപ്പുറപ്പെട്ടത്. മൂന്ന് ദിവസത്തിനുശേഷം അദ്ദേഹം പ്രതീക്ഷയോടെ വീട്ടിലേക്ക് മടങ്ങി. നാസിക്കിൽനിന്നും അഹല്യാനഗറിൽനിന്നുമുള്ള (മുമ്പ് അഹമ്മദ്നഗർ) പതിനായിരക്കണക്കിന് കർഷകരോടൊപ്പം.
അഹില്യാനഗർ ജില്ലയിലെ ഖഡ്കി ബദ്രുക് ഗ്രാമത്തിലെ മഹാദേവ് കോലി ഗോത്രസമുദായക്കാരനായ ഭംഗരെയുടെ കുടുംബം തലമുറകളായി അകോലെ താലൂക്കിലെ ആറേക്കർ വനഭൂമിയിൽ കൃഷി ചെയ്യുകയായിരുന്നു. എന്നാൽ, മഹാരാഷ്ട്രയിലെ പതിനായിരക്കണക്കിന് ആദിവാസികളെപ്പോലെ, അവർക്കും, കൃഷി ചെയ്തിരുന്ന ഭൂമിയിൽ ഒരിക്കലും അവകാശമുണ്ടായിരുന്നില്ല.
“എൻ്റെ മുത്തച്ഛൻ്റെ കാലം മുതൽ ഞങ്ങ്ൾ നെല്ലും അരിച്ചോളവും വിളവെടുക്കുന്നുണ്ട്. എന്നാൽ ഒരിക്കലും സുരക്ഷിതത്വം അനുഭവിച്ചിട്ടില്ല. ഏതുസമയവും ഭൂമിയിൽനിന്ന് പുറത്താക്കപ്പെടാം എന്ന അവസ്ഥയിലായിരുന്നു.”
വനപ്രദേശങ്ങളിൽ കൃഷിചെയ്യുന്നവരുടെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ 2006-ൽ, ഇന്ത്യൻ സർക്കാർ ചരിത്രപ്രാധാന്യമുള്ള വനാവകാശ നിയമം (ഫോറസ്റ്റ് റൈറ്റ് ആക്ട് – എഫ്.ആർ.എ) പാസ്സാക്കി. വർഷങ്ങൾ നീണ്ട പോരാട്ടത്തിനുശേഷമാണ് അത് നിയമമമായത്. തലമുറകളായി വനഭൂമികളിൽ കഴിയുന്ന പട്ടികഗോത്രക്കാർക്കും മറ്റ് വനവാസികൾക്കും വനഭൂമിയിലും വിഭവങ്ങളിന്മേലുമുള്ള അവകാശവും നൽകുന്ന നിയമമായിരുന്നു അത്. ഗ്രാമസഭകൾ അത്തരം അവകാശങ്ങൾ ഉന്നയിക്കുകയും, സബ് ഡിവിഷൺ തലത്തിലും ജില്ലാതലത്തിലുമുള്ള കമ്മിറ്റികൾ അവ പരിശോധിക്കുകയും, വനാവകാശങ്ങൾ തീർപ്പാവുന്നതുവരെ, അവിടങ്ങളിൽ താമസിക്കുന്നവരെ പുറത്താക്കലിൽനിന്ന് സംരക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ നിയമം ഒരിക്കലും പ്രായോഗികമായി നടപ്പിൽ വരുത്തിയില്ല.






