"ഓരോ തവണ ഭട്ടി (ആല) കത്തിക്കുമ്പോഴും, എനിക്ക് മുറിവ് പറ്റും."
സൽമ ലോഹാറിന്റെ വിരൽസന്ധികളിൽ നിറയെ മുറിപ്പാടുകളാണ്; ഇടതുകയ്യിലെ രണ്ട് വിരൽസന്ധികൾ ആഴത്തിൽ മുറിഞ്ഞിട്ടുണ്ട്. മുറിവ് പെട്ടെന്ന് ഉണങ്ങാനായി അവർ ആലയിൽനിന്ന് അല്പം ചാരമെടുത്ത് അതിൽ പുരട്ടുന്നു.
സോനിപത്തിലെ ബഹൽഗഡ് അങ്ങാടിയിൽ, അടുത്തടുത്തുള്ള ജുഗ്ഗികളിൽ താമസമാക്കിയിട്ടുള്ള ആറ് ലോഹാർ കുടുംബങ്ങളിൽ ഒന്നാണ് ഈ 41-കാരിയുടേത്. അവരുടെ വീടിന്റെ ഒരു വശത്ത് തിരക്കേറിയ അങ്ങാടിത്തെരുവും മറുവശത്ത് മുനിസിപ്പാലിറ്റിയുടെ മാലിന്യക്കൂനയുമാണ്. സമീപത്തുതന്നെയുള്ള, സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ശൗചാലയത്തെയും വെള്ള ടാങ്കറിനേയും പൂർണ്ണമായും ആശ്രയിച്ചാണ് സൽമയും കുടുംബവും ജീവിക്കുന്നത്.
ജുഗ്ഗികളിൽ വൈദ്യുതിയില്ലെന്ന് മാത്രമല്ല 4-6 മണിക്കൂറിൽക്കൂടുതൽ തുടർച്ചയായി മഴ പെയ്താൽ അവിടം ഒന്നാകെ വെള്ളത്തിനടിയിലാവുകയും ചെയ്യും; കഴിഞ്ഞ ഒക്ടോബറിൽ (2023) അതാണ് സംഭവിച്ചത്. അത്തരം സാഹചര്യങ്ങളിൽ, കട്ടിലിൽ കാൽ കയറ്റിവച്ച്, വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ- വെള്ളം ഒഴിഞ്ഞുപോകാൻ 2-3 ദിവസം എടുക്കും. "ആ ദിവസങ്ങളിൽ ഇവിടെയാകെ വല്ലാത്ത ദുർഗന്ധമായിരിക്കും," സൽമയുടെ മകൻ ദിൽഷാദ് ഓർത്തെടുക്കുന്നു.
"പക്ഷെ ഞങ്ങൾ വേറെ എങ്ങോട്ട് പോകും?" സൽമ ചോദിക്കുന്നു. "മാലിന്യക്കൂനയുടെ അടുത്ത് താമസിക്കുന്നത് ഞങ്ങളെ രോഗികളാക്കുമെന്നത് അറിയാഞ്ഞിട്ടല്ല. അവിടെ മാലിന്യത്തിൽ ഇരിക്കുന്ന ഈച്ചകൾ ഇവിടെ ഞങ്ങളുടെ ഭക്ഷണത്തിലും വന്നിരിക്കും. പക്ഷെ ഞങ്ങൾ വേറെ എങ്ങോട്ട് പോകും?"
ഗഡിയ എന്നും അറിയപ്പെടുന്ന ഗഡുലിയ ലോഹാർ സമുദായം രാജസ്ഥാനിൽ നൊമാഡിക്ക് ട്രൈബായും (എൻ.ടി- നാടോടിഗോത്രം) പിന്നാക്കവിഭാഗമായും പരിഗണിക്കപ്പെടുന്നു. രാജസ്ഥാനിന് പുറമേ ഡൽഹിയിലും ഹരിയാനയിലും ഈ സമുദായക്കാർ താമസമുണ്ട്. ഡൽഹിയിൽ ഇവരെ നൊമാഡിക്ക് ട്രൈബായി പരിഗണിക്കുമ്പോൾ, ഹരിയാനയിൽ അവരെ പിന്നാക്ക വിഭാഗമായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
അവർ താമസിക്കുന്ന അങ്ങാടി ദേശീയപാതാ 11-ന് സമീപത്താണ്. കൃഷിയിടങ്ങളിൽനിന്ന് നേരിട്ട് കൊണ്ടുവരുന്ന പച്ചക്കറികൾ, മധുരപലഹാരങ്ങൾ, അടുക്കളയിലുപയോഗിക്കുന്ന കറിക്കൂട്ടുകൾ, വൈദ്യുതോപകരണങ്ങൾ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ വിൽക്കുന്ന കച്ചവടക്കാർ ഇവിടെയെത്താറുണ്ട്. മിക്കവരും രാവിലെ കടകൾ തുറന്ന്, അങ്ങാടി അടയ്ക്കുന്നതോടെ പോവുകയാണ് പതിവ്.




















